വിനയയുടെ വിവാദപ്രസംഗം: പൊലിസുകാര്‍ കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: അടിയന്തര ഘട്ടത്തില്‍ സിറ്റി പൊലിസില്‍ നിന്ന് സഹായം ലഭ്യമായില്ലെന്ന തൃശൂര്‍ പൊലിസ് അക്കാദമിയിലെ എ.എസ്.ഐ വിനയയുടെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് പൊലിസുകാര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയായി. കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസറും സഹപ്രവര്‍ത്തകരും കുറ്റക്കാരല്ലെന്ന് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവം വിനയ ഊതിവീര്‍പ്പിച്ചതാണെന്നും പൊലിസിനെ അവഹേളിക്കുന്ന നടപടിയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ സേനയ്‌ക്കെതിരേ അപവാദപ്രചാരണം നടത്തിയതിനു വിനയക്കെതിരേ വകുപ്പുതല നടപടി എടുക്കാനും സാധ്യതയേറി.
തൃശൂരില്‍ പുലിക്കളിയില്‍ പെണ്‍പുലിയായി വേഷമിട്ടതിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു വിനയയുടെ വിവാദപ്രസംഗം. താനും കൂട്ടുകാരിയും രാത്രി റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കിലെത്തിയ ചിലര്‍ മോശമായി പെരുമാറിയെന്നും പൊലിസിന്റെ 100 എന്ന നമ്പറില്‍ വിളിച്ച് അറിയിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നുമായിരുന്നു പ്രസംഗം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള ആനിഹാള്‍ റോഡില്‍ രാത്രി പട്രോളിങ് കാര്യക്ഷമമല്ലെന്നും വിനയ കുറ്റപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ സിറ്റി പൊലിസ് ചീഫ് ഉമാ ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിനയയുടേതായി ഒരു ഫോണും വന്നിട്ടില്ലെന്നാണ് കണ്‍ട്രോള്‍ റൂം അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉമാ ബെഹ്‌റയ്ക്ക് കൈമാറിയിട്ടുണ്ട്.
ഒക്ടോബര്‍ എട്ടിന് സിറ്റി പൊലിസ് വിനയയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം സി.ഐ, സിറ്റി കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസര്‍ തുടങ്ങിയവര്‍ക്കെതിരേയായിരുന്നു അന്വേഷണം. പൊലിസുകാര്‍ ജോലിക്കിടയില്‍ വീഴ്ച വരുത്തിയോ എന്നാണ് അന്വേഷിച്ചത്. സഹായം അഭ്യര്‍ഥിച്ച് ആരും സംഭവദിവസം വിളിച്ചിട്ടില്ലെന്ന നിലപാടിലാണ് തുടക്കം മുതലേ സിറ്റി കണ്‍ട്രോള്‍ റൂം അധികൃതര്‍ ഉണ്ടായിരുന്നത്.
സംഭവദിവസം കണ്‍ട്രോള്‍ റൂമില്‍ വന്ന മുഴുവന്‍ ഫോണ്‍ കോളുകളുടെയും വിശദാംശങ്ങളും സിറ്റി പൊലിസ് ചീഫിനു നല്‍കിയിട്ടുണ്ട്. അതില്‍ വിനയയുടെ ഫോണ്‍വിളി ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഇതോടെയാണ് അന്വേഷണം വിനയയ്‌ക്കെതിരേ തിരിഞ്ഞത്. അവധിയിലിരിക്കെയാണ് കോഴിക്കോട്ടെ പരിപാടിക്ക് വിനയ പങ്കെടുത്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഉത്തരമേഖലാ എ.ഡി.ജി.പി സുധേഷ്‌കുമാര്‍ മുഖേന ഡി.ജി.പിക്ക് അയച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മേല്‍നടപടികളുണ്ടാവുകയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."