പൈനിക്കര പാലം പൊളിച്ചു നീക്കുന്നു
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലം കൂടി പൊളിച്ചു നീക്കുന്നതോടെ ഈ റൂട്ടില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലങ്ങളിലൂടെയുള്ള യാത്ര ഓര്‍മയാകും. പൈനിക്കരയില്‍ പുതിയ പാലം നിര്‍മാണം ഉടന്‍ തുടങ്ങുന്നതോടെയാണ് പഴയ പാലം പൊളിക്കുന്നത്. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.9 കോടി രൂപ ചെലവിലാണു പാലം പണിയുന്നത്. നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണു അതേസ്ഥലത്തു പുതിയ പാലം നിര്‍മിക്കുക. പണി തുടങ്ങുന്നതോടെ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ താല്‍ക്കാലിക റോഡ് നിര്‍മിക്കും. ഈ പാലം പണി പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ വീതി കുറഞ്ഞ പാലങ്ങള്‍ ഒഴിവാകും. ബ്രിട്ടീഷുകാരുടെ കാലത്തെ പാലങ്ങളിലൂടെയുള്ള യാത്ര അവസാനിക്കുമെങ്കിലും ഓര്‍മ നിലനിര്‍ത്താന്‍ രണ്ടു പാലങ്ങള്‍ ബാക്കിയുണ്ടാകും.
ഒടയംചാല്‍, കള്ളാര്‍ മുണ്ടോട്ട് പാലങ്ങളാണു ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഓര്‍മകളുമായി നിലനില്‍ക്കുക. പൈനിക്കര പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അവസാനഘട്ട സര്‍വേ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. രണ്ടാഴ്ചക്കുള്ളില്‍ ജോലി ആരംഭിച്ച് മാര്‍ച്ച് മാസത്തോടെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണു തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി.എന്‍ജിനിയര്‍ അനില്‍കുമാര്‍, ഓവര്‍സിയര്‍ മധു എന്നിവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എം സൈമണ്‍, പി ഗീത, പഞ്ചായത്ത് അംഗങ്ങളായ സി രേഖ, സെന്റിമോന്‍ മാത്യു, വി കുഞ്ഞിക്കണ്ണന്‍, കെ.എ പ്രഭാകരന്‍, ബാബു കദളിമറ്റം, രത്‌നാകരന്‍ കൊട്ടോടി തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."