കാട്ടുപോത്തിന്‍കൂട്ടം കൃഷി നശിപ്പിച്ചു
പെര്‍ള: കാട്ടുകുക്കെയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്തിന്‍കൂട്ടം കൃഷി നശിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണു കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടുകുക്കെ, അരക്കോടി, ഗുത്തു, മുണ്ടാജെ പ്രദേശങ്ങളില്‍ കാട്ടുപോത്തിന്‍കൂട്ടം വ്യാപകമായ രീതിയില്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ഗോപാലകൃഷ്ണഭട്ടിന്റെ പറമ്പിലെ വാഴകള്‍, വിമുക്തഭടന്‍ അപ്പുക്കുട്ടന്‍ മണിയാണിയുടെ നെല്‍കൃഷി എന്നിവ നശിച്ചു. ഇന്നലെ കാട്ടുകുക്കെ സ്‌കൂള്‍ പരിസരത്തും കാട്ടുപോത്തിനെ കണ്ടതായി പറയുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ നടന്നു പോവുന്ന വഴിയിലാണ് കാട്ടുപോത്തിനെ കണ്ടത്.
ആറു കാട്ടുപോത്തുകളാണ് പ്രദേശത്ത് ഭീതി സൃഷ്ടിച്ച് സൈ്വര്യ വിഹാരം നടത്തുന്നത്. കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടു വിരണ്ടോടിയ ഒരു പശുവിന്റെ കാലൊടിഞ്ഞു. വിവരമറിഞ്ഞു വനം വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു തിരച്ചില്‍ നടത്തി. കര്‍ണാടക വനമേഖലയില്‍ നിന്നാണു കാട്ടുപോത്തിന്‍കൂട്ടം ഇവിടെയെത്തിയതെന്നു സംശയിക്കുന്നു. കാട്ടുപോത്തിന്‍കൂട്ടത്തെ വനത്തിനകത്തേക്കു തുരത്തിയോടിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."