നാടുവിടാന്‍ മടിച്ച് മോഴയാന; ഭീതിമാറാതെ നാട്ടുകാരും
ഗൂഡല്ലൂര്‍: നാടുവിടാന്‍ മടിച്ച് മോഴയാന മുക്കട്ടിയിലും പരിസരത്തും തമ്പടിച്ചത് നാട്ടുകാരുടെ ഭീതി ഇരട്ടിപ്പിക്കുന്നു. ദിവസങ്ങളായി ആന നാട്ടിലിറങ്ങിയിട്ട്. വനംവകുപ്പ് കിണഞ്ഞ് ശ്രമിച്ചിട്ടും കാടുകയറാന്‍ മടിച്ചു നില്‍ക്കുകയാണ് ആന. ഇന്നലെ രാവിലെ 7.45ഓടെ ഗൂഡല്ലൂര്‍-ബത്തേരി അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ ആന ഒരു മണിക്കൂറോളം ഗതാഗതം മുടക്കി. 8.45ഓടെ ആന റോഡില്‍ നിന്നും പിന്‍വലിഞ്ഞു. ഇതോടെയാണ് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്. ബിദര്‍ക്കാട് റെയ്ഞ്ചര്‍ മനോഹരന്, ഗാര്‍ഡ് മോഹന്‍കുമാര്‍, ഫോറസ്റ്റര്‍ പത്മനാഭന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ കാടുകയറ്റാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആന കാട് കയറാന്‍ കൂട്ടാക്കുന്നില്ല.
ഒരാഴ്ചയോളമായി ആന പ്രദേശത്ത് തമ്പടിച്ചിട്ട്. കഴിഞ്ഞ ദിവസം ആന മുക്കട്ടയിലെ ശിവരാജിന്റെ വീട്ടുമുറ്റത്തെത്തി. തുടര്‍ന്ന് മുറ്റത്തെ തെങ്ങ് മറിച്ചിട്ടിരുന്നു. പിന്നീട് ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച ആനയെ തുരത്താന്‍ വനംവകുപ്പിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ 11ന് റോഡിലിറങ്ങിയ മോഴയാന ഏറെ നേരം റോഡില്‍ നിലയുറപ്പിച്ചിരുന്നു. ആനക്ക് വനംവകുപ്പ് ജീവനക്കാര്‍ വെള്ളവും കരിമ്പും നല്കി വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അല്പദൂരം പോയ ആന വീണ്ടും റോഡിലേക്കിറങ്ങി ബിദര്‍ക്കാട് റെയിഞ്ച് ഓഫിസിന് സമീപത്തെ കുറ്റിക്കാട്ടില്‍ തമ്പടിക്കുകയായിരുന്നു. ആനയെ താപ്പാനകളെ ഉപയോഗിച്ച് തളച്ച് മുതുമലയിലേക്ക് കൊണ്ടുപോകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. ഇത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വകവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."