കടന്നല്‍ക്കൂട് തീവെച്ചു നശിപ്പിച്ചു
കഠിനംകുളം: നാട്ടുകാരെ ഒന്നാകെ വിറപ്പിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത കടന്നല്‍കൂട് തീ വച്ച് നശിപ്പിച്ചു. പള്ളിപ്പുറത്തിനടുത്ത് പറമ്പില്‍ കല്ലുപാലം റോഡരുകിലെ അക്കേഷ്യമരുത്തിലെ കൂറ്റന്‍ കടന്തല്‍ കൂടാണ് ആഴ്ചകളോളം പ്രദേശത്തിന്റെ ഉറക്കം കെടുത്തിയത്.
സ്ഥലവാസിയായ കോട്ടപ്പുറത്ത് വീട്ടില്‍ സലീം ഒരാഴ്ച മുമ്പ് ഈ കൂട്ടില്‍ നിന്നുള്ള കടന്നല്‍ കുത്തേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരടക്കം അഞ്ചുപേര്‍ കടന്നല്‍ കുത്തേറ്റ് ആശുപത്രിയിലായി. ഇതോടെ ക്ഷുഭിതരമായ നാട്ടുകാര്‍ കൂട്ടമായി അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഓഫിസില്‍ എത്തി കടന്തല്‍ കൂടിനെ നശിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
ഇതോടെ പഞ്ചായത്ത് അധികൃതര്‍ കടന്നല്‍കൂടിനെ നശിപ്പിക്കാന്‍ ആളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ റിട്ട. ഫയര്‍ ജീവനക്കാരന്‍ സൈമണ്‍ ഇതില്‍ വിദഗ്ധനാണെന്നറിഞ്ഞ് അദ്ദേഹത്തെ വരുത്തി. രാത്രി കൂടിനടുത്തുള്ള മരത്തില്‍ കയറിയ സൈമണ്‍ പ്രത്യേക രാസവസ്തു കൂട്ടിലേക്ക് സ്‌പ്രേ ചെയ്തു കടന്നലുകളെ മയക്കി. ശേഷം കൂടിന് തീകൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."