ബി.പി.സി.എല്‍ ഗേറ്റിന് മുന്നില്‍ നാളെ മാര്‍ച്ചും ധര്‍ണയും
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയ്ക്കെതിരെ ആശ്രമംകുഴിക്കാട് നിവാസികള്‍ ശനിയാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുഴിക്കാട് റസിഡന്റ്സ് അസോസിയേഷനും ആശ്രമം കുഴിക്കാട് ജനകീയ സമരസമിതിയും സമരത്തിന് നേതൃത്വം നല്‍കും. രാവിലെ 7.30ന് ബി.പി.സി.എല്‍ മെയിന്‍ ഗേറ്റിന് മുന്നില്‍ വി.പി സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ഇരുപതിനായിരം കോടിയുടെ വികസനം പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കുഴിക്കാട് നിവാസികള്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷമേ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂവെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്ന് മാനേജ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയെന്നാണ് സമരസംഘാടകരുടെ ആരോപണം.
ആശ്രമം കുഴിക്കാട് നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കണം. നിയമാനുസൃതമായ ഗ്രീന്‍ ബെല്‍റ്റും ബഫര്‍സോണും നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കുഴിക്കാട് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ മാണി, സെക്രട്ടറി രവി ടി.കെ, ഖജാന്‍ജി വേണുഗോപാല്‍ വി.ആര്, സമരസമിതി കണ്‍വീനര്‍ യു.എന്‍ ജയരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."