റോഡ് നന്നാക്കിയില്ല; എടവണ്ണപ്പാറയില്‍ വ്യാപാരികള്‍ റോഡ് ഉപരോധിച്ചു
എടവണ്ണപ്പാറ: റോഡ് പണി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂനിറ്റ് കമ്മിറ്റി റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തിനാണ് എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധം തീര്‍ത്തത്. ആറ് മാസത്തിലധികമായി പണി ആരംഭിച്ച അരീക്കോട്-ഫാറൂഖ് കോളജ് റോഡ് വെട്ടിപൊളിച്ച് യാത്ര ദുസ്സഹമായ സാഹചര്യത്തിന് മാറ്റം വരണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്.
നിരവധി കച്ചവടസ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ തുടങ്ങിയവ എടവണ്ണപ്പാറ-വാഴക്കാട് പ്രദേശങ്ങളില്‍ ഉണ്ട്. ആറു മാസത്തോളമായി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതിനാല്‍ യാത്ര ദുസ്സഹമായിരിക്കുകയാണ്.
റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ പാറുന്നതിനാല്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് ദോഷം ചെയ്യുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുന്ന രോഗികള്‍ക്ക് കുണ്ടും കുഴിയും ചാടിക്കടന്ന് പോകേണ്ട അവസ്ഥയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ അപ്പുട്ടി മുഖ്യപ്രഭാഷണം നടത്തി. പി.സി മജീദ്, ജലീല്‍കാലടി, വൈ.പി മൂസക്കുട്ടി, ബാവ മണ്ണമ്മല്‍, മുഹമ്മദ് ഫാമിലി, റശീദ് കുഞ്ഞുട്ടി, ഗള്‍ഫ് ബസാര്‍ മുഹമ്മദാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."