കലവ മത്സ്യത്തിന്റെ വിത്തുല്‍പാദനം വിജയകരം; സമുദ്രകൃഷിക്ക് സാധ്യതയേറുന്നു
കൊച്ചി: ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍ മത്സ്യമായ കലവയുടെ (കടല്‍ കറൂപ്പ്) വിത്തുല്‍പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ രാജ്യത്ത് സമുദ്രകൃഷിയില്‍ വന്‍മുന്നേറ്റത്തിന് സാധ്യതയേറി.
ഇന്ത്യയില്‍ ആദ്യമായാണ് ഗള്‍ഫ് നാടുകളില്‍ ആമൂര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന കലവയുടെ വിത്തുല്‍പാദനം സി.എം.എഫ്.ആര്‍.ഐ വിജയകരമായി പൂര്‍ത്തീകരിച്ചത്. സി.എം.എഫ്.ആര്‍.ഐ യുടെ വിശാഖപട്ടണത്തുള്ള റീജിയണല്‍ സെന്ററിലാണ് വിത്തുല്‍പാദനം നടത്തിയത്. വിദേശ നാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് കലവ. എന്നാല്‍ ആവശ്യമായ തോതില്‍ കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ കൃഷി ഇന്ത്യയില്‍ നന്നേ കുറവാണ്. ഗള്‍ഫ് നാടുകളിലടക്കം ഏറെ പ്രിയപ്പെട്ട ഈ മത്സ്യം വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, തായ്‌വാന്‍, ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നാണ് കയറ്റുമതി നടത്തുന്നത്.
കലവയുടെ വിത്തുല്‍പാദനം വിജയകരമായതോടെ ഇന്ത്യയില്‍ ഇവ വന്‍തോതില്‍ കൃഷിചെയ്ത് ഉല്‍പാദിപ്പിക്കാനാകും. കടല്‍ കൂടുകൃഷിലൂടെ ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കയറ്റുമതി നടത്തുന്നതിന് രാജ്യത്തെ മത്സ്യകര്‍ഷകര്‍ക്ക് മികച്ച അവസരമാണ് ഇതോടെ കൈവന്നിട്ടുളളത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായാണ് മികച്ച അതിജീവന നിരക്കോടെ കലവയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായത്. 2014 ല്‍ നടത്തിയ ശ്രമത്തില്‍ അതിജീവന നിരക്ക് വളരെ കുറവായിരുന്നു. വിശാഖപട്ടണം റീജിയണല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ ശുഭദീപ് ഘോഷിന്റെ നേതൃത്വത്തിലാണ് വിത്തുല്‍പാദനം നടത്തിയത്. ഏത് സാഹചര്യത്തിലും വളരാന്‍ കഴിയുന്നതിനാലും സ്വാദുള്ള മാംസമുള്ളതിനാലും ഇവയുടെ കൃഷിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടലില്‍ നിന്ന് ലഭിക്കുന്ന കലവ മത്സ്യത്തിന് കിലോയ്ക്ക് 400 മുതല്‍ 450 വരെ ലഭിക്കുമ്പോള്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന കലവ മത്സ്യത്തിന് വിദേശ വിപണിയില്‍ ഇവയുടെ മൂന്നും നാലും മടങ്ങാണ് വില. ഈ മത്സ്യത്തിന്റെ സമുദ്രകൃഷിയുടെ ഉയര്‍ന്ന സാധ്യതയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."