ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതിക്ക് ഇന്ന് തുടക്കം; 25 ലക്ഷം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യും
മുഹമ്മ: പതിനഞ്ച് കോടി രൂപയുടെ പച്ചക്കറി ഉല്‍പ്പാദനം ലക്ഷ്യമിട്ട് കഞ്ഞിക്കുഴി ശ്രാമ പഞ്ചായത്തിന്റെ ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതിക്ക് ഇന്ന് തുടക്കം. 25 ലക്ഷം പച്ചക്കറിത്തൈകളാണ് പദ്ധതി പ്രകാരം വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ 9.30ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വിത്ത് പാകലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വേനല്‍ക്കാലത്ത് ശൈത്യകാല പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 8600 കുടുംബങ്ങളിലും കൃഷി നടത്തും. കൂടാതെ 320 കാര്‍ഷിക ഗ്രൂപ്പുകളും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളും കൃഷി നടത്തും.
വേനല്‍ക്കാല പച്ചക്കറികള്‍ക്കൊപ്പം ശീതകാല വിളകളായ കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാബേജ്, ക്യാരറ്റ് എന്നിവ വിളയിച്ചെടുക്കാനാണ് പരിശ്രമം. പച്ചക്കറിത്തൈകളുടെ വിതരണത്തിന് 18 വാര്‍ഡുകളിലും ജനകീയ നഴ്‌സറികള്‍ തുടങ്ങും.
എല്ലാ വാര്‍ഡുകളിലും മാതൃകാ പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാകും. ജനപ്രതിനിധികളും മാതൃകാ തോട്ടം തുടങ്ങും. കൃഷി ചെയ്യാനുള്ള ഉപദേശം മുതല്‍ തൊഴിലാളികളെ വരെയുള്ള സഹായം പഞ്ചായത്ത് നല്‍കും. കൃഷിക്കു വേണ്ട ജൈവവളവും വീടുകളില്‍ എത്തിക്കും.
പഞ്ചായത്തിന്റെ വിഹിതമായ 27 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സഹായവുമടക്കം അരക്കോടി രൂപയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. വിത്ത് പാകല്‍ ഉദ്ഘാടനച്ചടങ്ങില്‍ കഞ്ഞിക്കുഴിയിലെ മികച്ച 11 കര്‍ഷകരെ കാര്‍ഷിക വിദഗ്ധരായി പ്രഖ്യാപിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."