പത്മനാഭപുരം കൊട്ടാരം ലോക പൈതൃക പട്ടികയിലേക്ക്
തക്കല: കേരളീയ തച്ചുശാസ്ത്രത്തിന്റെ വൈദഗ്ധ്യവും പൊലിമയും കണക്കാക്കി തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരം യൂണിസിഫിന്റെ ലോക പൈതൃക പട്ടികയിലേക്ക്. സാധ്യതാപട്ടികയില്‍ നിന്നും പ്രധാന ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ സാസ്‌കാരിക മന്ത്രാലയം ഇതു സംബന്ധിച്ച് യൂണിസെഫിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതും 2004 ല്‍ യൂണിസെഫിന്റെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്. ഇതോടെ കേരളത്തില്‍ നിന്നുള്ള ഏക ഹെറിറ്റേജായി പത്മനാഭപുരം മാറും. പുറമേ ഐക്യരാഷ്ട്ര സഭയില്‍ നിന്നുള്ള സഹായവും ലഭിക്കും.
തടിയും സ്ഥലത്ത് തന്നെ ലഭ്യമായ കല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച കൊട്ടാരം എന്നതാണ് ലിസ്റ്റില്‍ കയറാനുള്ള ഒരു ഘടകമായത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കൊട്ടാരത്തില്‍ തടി കൊണ്ടുള്ള വിസ്മയങ്ങളാണ് തീര്‍ത്തിട്ടുള്ളത്. മാത്രമല്ല പേര്‍ഷ്യന്‍, ഡച്ച് , ചൈനീസ് ശില്‍പചാതുര്യവും സമന്വയിപ്പിച്ച കൊട്ടാരം ഇപ്പോള്‍ തമിഴ്‌നാട് സംസ്ഥാനത്തിലെ കന്യാകുമാരി ജില്ലയിലെ തക്കലയിലാണ്. 1550 ല്‍ നിര്‍മിച്ചതാണ് ഇതിന്റെ തായ് കൊട്ടാരം.
1601 ലാണ് കൊട്ടാരം സമുച്ചയം വരുന്നത്. 1706-1758 കാലഘട്ടത്തില്‍ പഴയ വേണാടും പിന്നെ തിരുവിതാംകൂറുമായ രാജ്യം ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് പത്മനാഭപുരം കൊട്ടാരം പുതിയ ശൈലിയില്‍ പുനര്‍നിര്‍മിച്ചതും അതിന് പത്മനാഭപുരം കൊട്ടാരം എന്നു പേര് നല്‍കിയതും. രാജഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ ഈപ്രദേശം തമിഴ് നാടിന്റെ വകയായെങ്കിലും കൊട്ടാരം ഇപ്പോള്‍ കേരള ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കയ്യിലാണ്. തച്ചുശാസ്ത്രവിധി പ്രകാരം നിര്‍മ്മിച്ച കൊട്ടാരത്തിന്റെ സവിശേഷതകള്‍ നിരവധിയാണ്. തായ്‌കൊട്ടാരം, പ്ലാമൂട്ടില്‍ കൊട്ടാരം( താമസസ്ഥലം), വേപ്പിന്‍മൂട് കൊട്ടാരം, നവരാത്രി മണ്ഡപം, തുടങ്ങി തടിയില്‍ വിരിഞ്ഞ വിസ്മയങ്ങള്‍ക്ക് പുറമെ കൊട്ടാരത്തിന്റെ മുറികളില്‍ വന്‍ ചൈനീസ് ഭരണികള്‍ നിറച്ചു വച്ചിരിക്കുന്നുണ്ട്.
ആയുധങ്ങളുടെ ശേഖരവും ഇവിടെ കാണാം. അപൂര്‍വങ്ങളായ ചുമര്‍ചിത്രങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. 400 വര്‍ഷം പഴക്കമുള്ള ക്ലോക്ക് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടാരത്തില്‍ നിന്നുമുള്ള രഹസ്യ തുരങ്കം അവസാനിക്കുന്നത് ഇന്നത്തെ കവടിയാര്‍ കൊട്ടാരത്തിലാണ്. മുട്ടയും മണ്ണും അനവധി സസ്യങ്ങളുടെ ചാറും പിന്നെ അജ്ഞാതമായ ചില ചേരുവകളും കൂട്ടിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."