റിയാദില്‍ ആയിരത്തോളം തൊഴിലാളികള്‍ ദുരിതത്തില്‍
റിയാദ്: ഇന്ത്യക്കാരടക്കമുള്ള ആയിരത്തോളം തൊഴിലാളികള്‍ ദുരിത ജീവിതത്തിലെന്ന് റിപ്പോര്‍ട്ട്.
റിയാദ് ആസ്ഥാനമായുള്ള രണ്ട് പ്രമുഖ കമ്പനികളിലെ തൊഴിലാളികളാണ് ഭക്ഷണമോ ശമ്പളമോ ഇല്ലാതെ ലേബര്‍ ക്യാംപുകളില്‍ ദുരിതമനുഭവിച്ച് ദിനങ്ങള്‍ തള്ളി നീക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ കാരുണ്യത്തി ലാണ് തൊഴിലാളികള്‍ ജീവിതം തള്ളി നീക്കുന്നത്. നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയുടെ വിവിധ ക്യാംപുകളിലായി 700 ഓളം തൊഴിലാളികളും മറ്റൊരു കമ്പനിയുടെ 300 ഓളം തൊഴിലാളികളുമാണ് ദുരിതത്തില്‍.
ഇതില്‍ 300 ഓളം തൊഴിലാളികളുള്ള ക്യാംപില്‍ 70 ശതമാനം തൊഴിലാളികള്‍ ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ ഫിലിപ്പൈന്‍സ്, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വരുമാണ്.ക്യാംപിലെ 3 കെട്ടിടങ്ങളില്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍ ചിലര്‍ ടെറസിനു മുകളിലാണ് അന്തിയുറങ്ങുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ കോര്‍ഡിനേറ്ററിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ആശ്രയം. ഫിലിപ്പീന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്.
അതേ സമയം, എംബസിയിലോ തൊഴില്‍ മന്ത്രാലയത്തിലോ ഇതുവരെ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടില്ല. തങ്ങള്‍ക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയാണിതിനു കാരണം. എംബസിയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഇവര്‍ക്ക് പരിഹാരം സാധ്യമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."