രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സി.പി.എം; പ്രസിഡന്റിന്റെ നീക്കം അഴിമതി മൂടിവെക്കാനാണെന്ന് യു.ഡി.എഫ്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനി വൈദ്യുതീകരണത്തിന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി രാജഗോപാല്‍. ഐ.ടി.ഡി.പിയുടെ അനുമതിയോടെയാണ് കോളനിയില്‍ വൈദ്യുതീകരണ പ്രവര്‍ത്തി നടത്തിയത്. മൂന്ന് വര്‍ഷമായി വയറിങ് കഴിഞ്ഞിട്ടും കണക്ഷന്‍ നല്‍കാതെ യു.ഡി.എഫ് ഭരണസമിതി കോളനി നിവാസികളെ വഞ്ചിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ എല്‍.ഡി.എഫ് ഭരണസമിതി ഐ.ടി.ഡി.പി അനുമതിയോടെ കോളനി വൈദ്യുതീകരിച്ചത്. ആറുവര്‍ഷം മുന്‍പ് അമ്പുമല കോളനിയില്‍ ആരംഭിച്ച വീടുകളുടെ നിര്‍മാണം യു.ഡി.എഫ് ഭരണസമിതിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫ് ഭരണകാലത്ത് കോളനികളില്‍ നടന്ന മുഴുവന്‍ പ്രവൃത്തികളെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി പരാതി നല്‍കും. കൂടാതെ സത്യാവസ്ഥ ജനങ്ങളിലെത്തിക്കാന്‍ രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പത്ത് മാസത്തിനിടയില്‍ ആദിവാസി കോളനി വൈദ്യുതീകരണം ഉള്‍പ്പെടെ മുക്കാല്‍ ലക്ഷം രൂപയുടെ തട്ടിപ്പിനാണ് പ്രസിഡന്റ് കൂട്ടുനിന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തോണിയില്‍ സുരേഷ് പറഞ്ഞു. കോളനികളില്‍ നടത്തുന്ന പ്രവൃത്തികള്‍ ആദിവാസികള്‍ കണ്‍വീനര്‍മാരാകണമെന്ന ചട്ടം ലംഘിച്ചാണ് വെണ്ണേക്കോട് കോളനിയിലെ വൈദ്യുതീകരണത്തിന് ജോര്‍ജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയതെന്നും സുരേഷ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ ഏഴംഗങ്ങളും ഒപ്പിട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. വികസനത്തിന്റെ പേര് പറഞ്ഞ് അഴിമതി നടത്തുവാനുള്ള നീക്കം ഒരു കാരണവശാലും യു.ഡി.എഫ് അനുവദിക്കില്ല. 20 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും പ്രതിപക്ഷ അംഗങ്ങളുടെ ന്യായമായ അഭിപ്രായങ്ങളെ സ്വാഗതം ചെയ്ത പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ ചോദ്യം ചോദിക്കുമ്പോള്‍ യോഗം പിരിച്ചുവിടുന്ന നിലപാടാണ് എല്‍.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ അഴിമതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും സരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."