മക്കളുടെ സ്വാര്‍ഥതയും ധനമോഹവും മാതാപിതാക്കളെ വൃദ്ധസദനത്തിലെത്തിക്കുന്നു: മന്ത്രി സുനില്‍കുമാര്‍
വാടാനപ്പള്ളി: മക്കളുടെ സ്വാര്‍ത്ഥതയും ധനമോഹവുമാണ് മാതാപിതാക്കളെ വൃദ്ധസദനത്തിലെത്തിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. പ്രായമായവരേയും, മാതാപിതാക്കളേയും തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ജീവിത പരാജയമാണ് ഉണ്ടാവുകയെന്നും, സ്വന്തം മാതാപിതാക്കളെ ആദരിക്കാനും, സ്നേഹിക്കാനും പഠിക്കുക എന്നതാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നാട്ടിക എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റും കാര്‍ഷിക ക്ലബും നാട്ടിക കൃഷി ഭവന്റെ സഹകരണത്തോടെ നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്ക് നേതൃത്വം നല്കിയ എന്‍.എസ്.എസ് വളണ്ടറിയര്മാരേയും കാര്‍ഷിക ക്ലബ് അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു. അടുത്ത വര്‍ഷം മുതല്‍ കൃഷി നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു തയ്യില്‍, കൃഷി ഓഫിസര്‍ ടീസ മാത്യു, പ്രിന്‍സിപ്പാള്‍ അമ്പിളിസതീഷ്, പ്രധാനധ്യാപിക ലിജിഗോപാല്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശലഭശങ്കര്, രഘുരാമന് കെ.ആര്, ബലനം പി.ബി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."