യു.ഡി.എഫില്‍ നിന്നും നേരത്തെ വിടേണ്ടതായിരുന്നു: കെ.എം മാണി
'സംസ്ഥാനത്ത് കേരളാ കോണ്‍ഗ്രസിന്റെയോ മുസ്ലിം ലീഗിന്റെയോ
പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിയില്ല'
നിലമ്പൂര്‍: ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും നേരത്തെ വിട്ടുപോരേണ്ടതായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. പാര്‍ട്ടി ജില്ലാ കണ്വന്ഷന് നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അനൈക്യമുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുതയുള്ളവരാണ് ശത്രുതാ മനോഭാവത്തോടെ തന്നോടും പാര്‍ട്ടിയോടും പെരുമാറിയത്. ഇത്തരം സമീപനവുമായി മുന്നോട്ട് പോകുമ്പോള്‍ മുന്നണിയില്‍ തുടരാന്‍ കഴിയാത്ത സഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി തന്നെ മുന്‍കൈയെടുത്ത് രൂപീകരിച്ച ഐക്യജനാധിപത്യ മുന്നണി വിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളുടെ ശരിയായ നിലപാടുകള്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കും. സംസ്ഥാനത്ത് കേരളാ കോണ്‍ഗ്രസിന്റെയോ മുസ്ലിംലീഗിന്റെയോ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ യൂത്ത് ഫ്രണ്ട് മുന്‍ ജില്ലാ സെക്രട്ടറിയും ഏറനാട് മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.ഡി. ജോസഫിന്റെ കുടുംബത്തിന് നിര്‍മിച്ച് നല്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ കെ.എം മാണി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി. പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോയ് എബ്രഹാം എം.പി, ചാക്കോ വര്‍ഗീസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി മഞ്ഞക്കടമ്പില്‍, ജില്ലാ സെക്രട്ടറിമാരായ ജോര്‍ജ് തോമസ്, എ.സി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ സണ്ണി പുലിക്കുത്തിയേല്, ജോണി, കെ.വി ജോര്‍ജ്, മറ്റു ഭാരവാഹികളായ നാസര്‍ ഖാന്, ബിജു വാലടി, നിഷാദ് തൊട്ടിയാന്‍ സംസാരിച്ചു. പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."