ചേര്‍ത്തല -നെടുംമ്പ്രക്കാട് വിളക്കുമരം പാലം യാഥാര്‍ഥ്യമായില്ല
ചേര്‍ത്തല: ചേര്‍ത്തല -നെടുംമ്പ്രക്കാട് - വിളക്കുമരം പാലം യാഥാര്‍ഥ്യമാകുന്നില്ല. പാലത്തിന്റെ പൂര്‍ത്തികരണത്തിനായി പ്രദേശത്തെ ജനങ്ങള്‍ പതിമൂന്ന് വര്‍ഷമായി കാത്തിരിക്കുന്നു.
ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യപ്രകാരം കഴിഞ്ഞ ബഡ്ജറ്റില്‍ പാലത്തിന് സര്‍ക്കാര്‍ മുപ്പതുകോടി അനുവദിച്ചുവെങ്കിലും നടപടിയൊന്നുമായില്ല. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ സ്‌കീമായ ഇഫ്.ബിയില്‍ (കേരള ഇന്‍ഫ്രാ സെന്റര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)ഉള്‍പ്പെടുത്തിയാണ് ബഡ്ജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഈ സ്‌കീമുമായി സര്‍ക്കാര്‍ ഇടപെടുന്നത് ആദ്യമായതിനാല്‍ നടപടിക്രമങ്ങള്‍ക്ക് താമസമുണ്ടാകുമെന്നുമാണ് പി.ഡബ്ലിയു ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇഫ്ബി ആദ്യഘട്ട ഫണ്ട് അനുവദിച്ചത് റോഡിനാണ്. അടുത്തഘട്ടമാണ് പാലത്തിന് അനുവദിക്കുക. പാലത്തിനുള്ള എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇഫ്.ബിയുടെ അനുവാദം കിട്ടിയാലേ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കു.
2005ല്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തിന് ഒരു തൂണും 50 മീറ്ററോളം മണല്‍ചിറയുമാണ് നിര്‍മിച്ചിട്ടുള്ളത്. അഞ്ചരക്കോടി ബഡ്ജറ്റില്‍ ആരംഭിച്ച പാലംപണി പല ഘട്ടങ്ങളിലായി തുക വര്‍ധിപ്പിച്ച് 30 കോടിയിലെത്തി. ഇതില്‍ രണ്ടുകോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിയത്. ഇരു കരയിലുമുള്ള അപ്രോച്ചു റോഡിനുള്ള സ്ഥലം പൂര്‍ണ്ണമായും എടുത്തിട്ടുണ്ട്. ചേര്‍ത്തല- അരുക്കുറ്റി റോഡിന് സമാന്തരമായാണ് പാലം പണിയുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ അരുക്കുറ്റിയിലേയ്ക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സൗകര്യവും സമയ ലാഭവും ഉണ്ടാകും. ചെങ്ങണ്ട പാലത്തിലൂടെയല്ലാതെ നിലവില്‍ ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലേയ്ക്ക് പോകാന്‍ റോഡുമാര്‍ഗം മറ്റ് വഴിയില്ലായെന്നത് പാലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കെ.സി.വേണുഗോപാല്‍ എം.പി, സ്ഥലം എം.എല്‍.എയും ഭക്ഷ്യ മന്ത്രിയുമായ പി.തിലോത്തമന്‍, എ.എം.ആരീഫ് എം.എല്‍.എ എന്നിവരുടെ നിരന്തരമായ ശ്രമഫലമായാണ് കഴിഞ്ഞ ബഡ്ജറ്റില്‍ പാലംപണിക്ക് തുക കൂടുതല്‍ വകയിരുത്തിയത്. ഫണ്ട് അനുവദിച്ചിട്ട് മൂന്നുമാസമായിട്ടും നിര്‍മ്മാണം വൈകുന്നതില്‍ പ്രദേശവാസികള്‍ക്ക് ഉള്‍ക്കണ്ടയുണ്ട്. പാലം പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഒട്ടേറെ സമരങ്ങള്‍ ജനങ്ങള്‍ നടത്തി. പാലത്തില്‍ റീത്തു സമര്‍പ്പിച്ചു, ശിലാസ്ഥാപനം നടത്തിയ എ.കെ ആന്റണിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ചു നടത്തി, മുഖ്യമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാര്‍ക്കും നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."