കാന്‍സര്‍ രോഗിയായ യുവാവിന് പൊലിസ് മര്‍ദ്ദനം
ആലപ്പുഴ: കാന്‍സര്‍ രോഗിയായ യുവാവിനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. മുഹമ്മ പള്ളിക്കുന്നം ശ്രായില്‍ പാലത്തിന് സമീപം സുധി വിലാസത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കണ്ണന് (33) നെയാണ് മുഹമ്മ പൊലിസ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. കാന്‍സറും വയറിന് മാരകമായ രോഗവും ഉള്ളതിനാല്‍ കണ്ണന് വീടിന് മുന്നില്‍ കിടന്നാണ് കഴിഞ്ഞ കുറച്ച് നാളായി ഓട്ടം പോയിരുന്നത്. ഞായറാഴ്ച രാത്രി ഓട്ടോറിക്ഷയ്ക്ക് സമീപത്തിരുന്ന് മൂന്നു പേര് മദ്യപിക്കുന്നതിനിടയില്‍ മുഹമ്മ പൊലിസിന്റെ പിടിയിലായിരുന്നു. വീടിനകത്ത് മരുന്ന് കഴിച്ചു കൊണ്ടിരുന്ന കണ്ണന് ഈ സമയം ശബ്ദം കേട്ട് അവിടേയ്ക്ക് എത്തി. ഓട്ടോറിക്ഷ റോഡില്‍ ഇട്ടതിനാലാണ് മദ്യപാനം നടക്കുന്നതെന്ന് പറഞ്ഞ് പൊലിസ് കണ്ണനെയും പിടികൂടി.
കാന്‍സറും, മലദ്വാദരത്തിന് പ്രശ്നവുമുള്ള കാര്യവും മരുന്ന് കഴിക്കുന്ന കാര്യവും കണ്ണനും നാട്ടുകാരും വ്യക്തമാക്കിയെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ പൊലിസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കണ്ണനെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. രോഗിയായ തന്നെ പൊലിസ് അകാരണമായി മര്‍ദ്ദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും, ഡി.ജി.പിക്കും കണ്ണന് പരാതി നല്കി. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കണ്ണനെ പിടികൂടിയെന്നും അസുഖമാണെന്ന് പറഞ്ഞപ്പോള്‍ വിട്ടയച്ചെന്നും മുഹമ്മ എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."