മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മാണം ആരംഭിച്ചു
നെടുമ്പാശ്ശേരി: മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം ആരംഭിച്ചു. കുന്നുകര ഗ്രാമ പഞ്ചായത്തിലെ മലായിക്കുന്നില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ യാധാര്‍ഥ്യമാകുന്നത്. 25 ലക്ഷം രൂപ ചിലവില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന പദ്ധതിയിലൂടെ മലായിക്കുന്നിന് താഴെ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് പൈപ്പ് വഴി മുകള്‍ ഭാഗത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
അങ്കമാലി മാഞ്ഞാലി തോടിന്റെ കൈവഴിയിലൂടെയാണ് പമ്പ് ചെയ്യുന്നതിനുള്ള വെള്ളം പദ്ധതി പ്രദേശത്തേക്ക് എത്തിക്കുന്നത്. മോട്ടോര്‍ ഷെഡ് സ്ഥാപിക്കുന്നതിനും ടാങ്ക് കെട്ടുന്നതിനും മറ്റുമായി നാട്ടുകാരില്‍ ചിലര്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുകയായിരുന്നു. പ്രദേശത്തെ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി അംബുജാക്ഷന്‍ പറഞ്ഞു. ഇതോടെ കുന്നുകര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നായ മലായിക്കുന്ന് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിനും വലിയൊരളവ് വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി ചന്ദ്രശേഖര വാര്യര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ഷിബു മൂലന്‍, സന്ധ്യ നാരായണപിള്ള, അംഗങ്ങളായ രഞ്ജിനി അംബുജാക്ഷന്‍, രാജേഷ് മടത്തിമൂല, ടി.എ.ഇബ്രാഹിംകുട്ടി, കെ.സി.രാജപ്പന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്,അംഗങ്ങളായ സി.യു.ജബ്ബാര്‍,ഷിജി ജോഷി,ഷിജി പ്രിന്‍സ്,ടി.കെ.അജികുമാര്‍,രതി സാബു,ടി.കെ.കുഞ്ഞുമുഹമ്മദ്, പി.പി.സെബാസ്റ്റ്യന്‍, ടി.എം.സതീശന്‍, കെ.ആര്‍.സുജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."