ഭക്ഷ്യ സുരക്ഷാ നിയമം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അഞ്ച് കിലോ അരി ലഭിക്കും
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാകുമ്പോള്‍ എ.എ.വൈ ഗുണഭോക്താക്കള്‍ക്ക് സൗജന്യ നിരക്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ആളൊന്നിനു അഞ്ചുകിലോ വീതം ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന നിരക്കിലും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാക്കുന്ന മുന്‍ഗണനാ പട്ടിക സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കണം. അര്‍ഹരായവരെ പട്ടികയില്‍ നിന്നും പുറത്താക്കില്ല. കരട് മുന്‍ഗണനാ പട്ടിക എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ധാരാളം പരാതികളും ആക്ഷേപങ്ങളും നിലവിലുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സമൂഹവും ഇടപെടണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നതിന് താലൂക്ക് തല റാങ്കിങ് ആണ് നടത്തിയത്. ഇപ്പോള്‍ സംസ്ഥാന തല റാങ്കിങ് നടത്തി കരട് പ്രസിദ്ധീകരിച്ചു. ആദിവാസികളില്‍ ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള ജീവനക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. നിയമം നടപ്പാക്കുമ്പോള്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്‌മെന്റ് 14.25 ലക്ഷം മെട്രിക് ടണ്‍ ആകും.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമായി 10.25 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് വേണ്ടിവരുന്നത്. ബാക്കി നാലുലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരാത്ത 187ലക്ഷം അര്‍ഹരായ ജനവിഭാഗങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വിതരണക്രമം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."