കനിവിന്റെ കണ്ണൂരിനായി സ്‌നേഹസംഗമം ഇന്ന്
കണ്ണൂര്‍: സമാധാന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു കണ്ണൂരില്‍ സ്‌നേഹസംഗമം നടക്കും. സാമൂഹിക സാംസ്‌കാരിക ആത്മീയ രംഗങ്ങളിലുള്ള മുപ്പതോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയാണു പരിപാടി. അക്രമങ്ങളിലൂടെയുള്ള രക്തച്ചൊരിച്ചിലല്ല മാനവസമൂഹത്തിനുവേണ്ടത്, സമാധാനത്തിനുവേണ്ടിയുള്ള രക്തദാനമാണു മഹത്തരം എന്ന സന്ദേശവുമായി 1001 പേര്‍ രാവിലെ 8.30 മുതല്‍ 12 വരെ ചേംബര്‍ ഹാളില്‍ രക്തദാനം നടത്തും. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ നേതൃത്വത്തില്‍ വിവിധ ബ്ലഡ് ബാങ്കുകളും ആശുപത്രികളും രക്തം ശേഖരിക്കും. മാതാജി പ്രേംവൈശാലി ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ രണ്ടുവരെ ടൗണ്‍ സ്‌ക്വയറില്‍ 101 പേര്‍ പങ്കെടുക്കുന്ന ഉപവാസം തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. രണ്ടിന് ടൗണ്‍സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന റാലി കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഫഌഗ് ഓഫ് ചെയ്യും. ടൗണ്‍സ്‌ക്വയറില്‍ പൊതുസമ്മേളനം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ അധ്യക്ഷനാകും. സ്വാമി അമൃതകൃപാനന്ദപുരി, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മുത്തലിബ് അസ്‌ലമി, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."