മാനവികതയുടെ പുസ്തകം
ദൈവത്തിന്റെ പുസ്തകം
കെ.പി രാമനുണ്ണി
ഡി.സി ബുക്‌സ്
RS. 525/പേജ്: 686
വിലാസിനിയുടെ 'അവകാശികള്‍'ക്കും തകഴിയുടെ 'കയറി'നും ശേഷം മലയാളത്തിലിറങ്ങുന്ന ഏറ്റവും വലിയ നോവലാണ് കെ.പി രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം.' മലയാളത്തിലെന്നല്ല, ലോക നോവല്‍ സാഹിത്യത്തില്‍ തന്നെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം മുന്‍നിര്‍ത്തി എഴുതിയ ആദ്യനോവല്‍ എന്ന സവിശേഷതയും ഇതിനു നല്‍കാനാകും. പ്രവാചകനെ പ്രമേയവത്കരിക്കുന്ന മറ്റൊരു നോവല്‍ ലോകസാഹിത്യത്തില്‍ ഉള്ളതായി അറിവില്ല. മുഹമ്മദ് നബി എന്ന ചരിത്രവ്യക്തിക്ക് ഭാവുകത്വത്തിന്റെ കൈവഴക്കത്തില്‍ എന്തെങ്കിലും പിഴവു സംഭവിക്കുമോ എന്ന ഭയം കൊണ്ടോ എന്തോ നോവല്‍ രചനകളില്‍ മുഹമ്മദ് നബിയെ കഥാപാത്രമായി കാണാന്‍ കഴിയില്ല. എന്നാല്‍, ചരിത്രത്തോടും ഭാവനയോടും നീതി പുലര്‍ത്തിയാല്‍ ഈ ഭയം നിലനില്‍ക്കുന്ന ഒന്നല്ല എന്നു തെളിയിക്കുകയാണ് 'ദൈവത്തിന്റെ പുസ്തകം.'
സങ്കീര്‍ണമായ ഒരു സാമൂഹിക കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനത സ്വയം നവീകരിക്കപ്പെടേണ്ട ആവശ്യം ഉയര്‍ത്തിപ്പിടിക്കുകയാണ് നോവല്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയിലെ കേപ് കാനവറിലെ ബഹിരാകാശ വിക്ഷേപണത്തറയിലാണ് നോവല്‍ തുടങ്ങുന്നത്. നാലഞ്ചു ബഹിരാകാശ വാഹനങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സെന്ററുമായി ഇടിച്ചു തകര്‍ന്നതിനു ശേഷം നാസ 'അത്‌ലാന്റിക് ഏഴ് 'എന്ന സാറ്റലൈറ്റ് വിക്ഷേപിക്കുന്നു. ഈ ബഹിരാകാശ വാഹനവും തകര്‍ന്നു വീഴുന്നു. തമോഗര്‍ത്തം ഭൂമിയെ സമീപിക്കുന്നതു കൊണ്ടാണ് ഇത്തരം പരാജയങ്ങള്‍ക്ക് ഹേതുവെന്ന് ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞരായ കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിക്കും അറിയാം. ഭൂമി പൂര്‍ണമായും നശിക്കാന്‍ പോകുകയാണ്. പക്ഷേ, ഈ കാര്യം പുറത്തുപറഞ്ഞാലുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇവര്‍ ആശങ്കപ്പെടുന്നു. തമോഗര്‍ത്ത സ്വാധീനത്താല്‍ ദ്വാപരയുഗത്തിലെ ഒരു ഭാഗം മഥുരയിലും ആറാം നൂറ്റാണ്ടിന്റെ ഒരു ഭാഗം മക്കയിലും വന്നുവീഴുന്നു. അതിലൂടെ ശ്രീകൃഷ്ണനും മുഹമ്മദ് നബിയും തങ്ങളുടെ ജീവിതം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുന്നു. കൃഷ്ണ-നബി സാന്നിധ്യത്തിലൂടെ പുതിയ കാലത്ത് ചില പ്രഭാവങ്ങളുണ്ടാകുന്നു. മാനവ ചരിത്രം ഉണ്ടായതു മുതലുള്ള കാര്യങ്ങള്‍ കൃഷ്ണന്റെയും നബിയുടെയും മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്നു. വര്‍ത്തമാനകാല വിശുദ്ധിക്ക് ഭൂതകാല വിശുദ്ധിയും ആവശ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നു. അതിന്റെ ഭാഗമായി ഹിറ്റ്‌ലറും മാര്‍ക്‌സും ഗാന്ധിയുമെല്ലാം സ്വയം നവീകരണത്തിന് തയാറാവുകയും സമൂഹത്തിന്റെ ഔന്നത്യത്തിന് ജാഗ്രത കാണിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ബ്രോക്കറായ മാര്‍ഗരറ്റ് കൊനന്‍, ഇറാഖിലെ ശിയാ വിഭാഗം നേതാവ് അബ്ദുല്‍ ഹസ്സന്‍, ഗുജറാത്തിലെ ആര്‍.എസ്.എസ് കാര്യവാഹക് ചന്ദ്രവാദന്‍ പാരീഖ് തുടങ്ങിയവര്‍ തങ്ങളുടെ ജീവിതവീക്ഷണങ്ങള്‍ മാറ്റുന്നു.
വര്‍ത്തമാന ലോകാവസ്ഥയുടെ സങ്കീര്‍ണതകളുടെ നടുവില്‍ മാനവികതയുടെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കാനാണ് നോവല്‍ ശ്രമിക്കുന്നത്. മതങ്ങളുടെ പേരില്‍ ലോകത്ത് മനുഷ്യര്‍ പരസ്പരം കൊല്ലുന്നു. പ്രവാചകന്മാരുടെയും പുണ്യപുരുഷന്മാരുടെയും സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നു. അവരെ നിന്ദ്യമായി അവതരിപ്പിക്കുന്നു. ഇത്തരം ചെയ്തികളില്‍ ഏറ്റവും വേദനിക്കുന്നത് അതിന്റെ നല്ല മനുഷ്യര്‍ തന്നെയാണെന്ന് നോവല്‍ പ്രഖ്യാപിക്കുന്നു. ചുവന്നു തുടുത്ത മുഖത്തോടെ മുഹമ്മദ് നബി കണ്ണനോട് ഒരിടത്ത് ഇങ്ങനെ പറയുന്നു:''നിരപരാധികളെ കൊല്ലല്‍, ആത്മഹനനം, അനീതികളോട് സഖ്യം, എല്ലാമെല്ലാം ഇസ്‌ലാമിന്റെ പേരില്‍ തന്നെ. ഭൂമിയെ പൊതിഞ്ഞ കൂരിരുട്ട് കണ്ടപ്പോള്‍ ഞാന്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.'' ഇതു കേട്ട ഉടനെ കണ്ണന്‍ പറയുന്നു:''യുദ്ധം പോലും ധര്‍മയുദ്ധമാകേണ്ട സനാതന ഹൈന്ദവതയുടെ പേരിലാണ് കള്ളവും ചതിയും നടക്കുന്നത്. എല്ലാറ്റിനും എന്നെയോ ത്രേതായുഗ നായകനെയോ കള്ളസാക്ഷിയാക്കുന്നുമുണ്ട്.'' നാടും സമൂഹവും നശിപ്പിക്കുന്നതില്‍ എല്ലാ മതത്തിന്റെയും പേരിലുള്ള തീവ്രവാദികള്‍ ഒന്നിക്കുന്ന രംഗം നമ്മള്‍ കാണുന്നു. അത് തുറന്നുപറയുന്നുണ്ട് അവിനാശ് എന്ന കഥാപാത്രം:''പണ്ട് ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിയോജിപ്പിച്ചു കൊണ്ടുള്ള നാട് നശിപ്പിക്കലായിരുന്നു. ഇപ്പോള്‍ ഹിന്ദു തീവ്രവാദികളെയും മുസ്‌ലിം തീവ്രവാദികളെയും യോജിപ്പിച്ചുകൊണ്ടുള്ള നാട് നശിപ്പിക്കലാണ്.'' ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോനിയല്‍ തന്ത്രവും എല്ലാവിധ തീവ്രവാദികളെയും ഒന്നിപ്പിച്ച് നശീകരണത്തിന്റെ മുഖം തുറക്കുക എന്ന സാമ്രാജ്യത്വ-മൂലധന ആഗ്രങ്ങളും പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ ഈ പ്രസ്താവന ഗ്രഹിക്കാന്‍ എളുപ്പം കഴിയും.
ദൈവശാസ്ത്രം, ഫിസിക്‌സ്, ചരിത്രം, സാമൂഹികം തുടങ്ങിയ വിവിധ തലങ്ങളെ ആഴത്തില്‍ സമീപിക്കുന്ന നോവല്‍ കൃത്യമായ രാഷ്ട്രീയം തന്നെ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യനു വേണ്ടിയുള്ള പുതിയകാല സന്ദേശമാണ് ആ രാഷ്ട്രീയം. ആഗോള സന്ദര്‍ഭങ്ങളിലൂടെ നോവല്‍ കടന്നുപോകുമ്പോഴും കേരളീയതയുടെ തദ്ദേശീയമായ ഒരു വേരില്‍ അത് ചുറ്റിത്തിരിയുന്നുണ്ട്. കീഴാള-മാപ്പിള സൗഹൃദത്തിന്റെ ഭൂമികയില്‍ വിരിയുന്ന മനുഷ്യാഭിമുഖ്യമുള്ള ഇഴയടുപ്പങ്ങളാണ് അവിടെ ആവിഷ്‌കൃതമാകുന്നത്. കൃഷ്ണന്‍ മുഹമ്മദ് നബിയെ 'ഇക്കാ' എന്നും മുഹമ്മദ് നബി ശ്രീകൃഷ്ണനെ 'മുത്തേ' എന്നും വിളിക്കുന്ന സ്‌നേഹസൗഹൃദം ഒരു ജനതയുടെ വേരറ്റു പോയിട്ടില്ലാത്ത ആ ഇഴയടുപ്പത്തെയാണ് വിളംബരം ചെയ്യുന്നത്. പൊന്നാനിയില്‍ ജനിച്ചു വളര്‍ന്ന നോവലിസ്റ്റ് തന്റെ അനുഭവകാലത്തേക്കു തന്നെ തിരിച്ചുപോകുന്ന സന്ദര്‍ഭമായി ഇവ മാറുന്നു. ഗുജറാത്തിലെ പോര്‍ബന്തര്‍ ഖിമേശ്വറിലെ രണ്‍ചോഡ്ജി ക്ഷേത്രവും തൊട്ടടുത്തു തന്നെ പച്ച പെയ്ന്റടിച്ച ഫേസ്‌ലാ പള്ളിയും സ്ഥിതി ചെയ്യുന്നു. വിശാലമായ പൊതുവഴിയിലൂടെ അമ്പലത്തിലേക്കും പള്ളിയിലേക്കും ഇടകലര്‍ന്നൊഴുകുന്ന ജനപ്രവാഹം. അവിടെ, അമ്പലത്തില്‍ ചെന്ന് ആരാധന നടത്തിയ ശേഷം പള്ളിയില്‍ പോകുന്ന ഹിന്ദുക്കളും പള്ളിയില്‍ പ്രാര്‍ഥിച്ച് അമ്പലം സന്ദര്‍ശിക്കാനെത്തുന്ന മുസ്‌ലിംകളുമാണുള്ളത്. എഴുത്തുകാരന്‍ സി. അഷ്‌റഫിനൊപ്പം ശബരിമലയില്‍ പോയി വാവര്‍-അയ്യപ്പന്‍ ബന്ധത്തിന്റെ സമകാലിക പ്രസക്തി ഓര്‍മിപ്പിച്ച കെ.പി രാമനുണ്ണി തന്റെ പ്രവൃത്തിക്കും നമ്മുടെ ചരിത്രത്തിനും സാധൂകരണം തേടുകയാണിവിടെ. ഫേസ്‌ലാ പള്ളിയിലെ നേര്‍ച്ചയും അത്തറിന്റെയും ചന്ദനത്തിരിയുടെയും ഗന്ധവും മലബാറിലെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള നേര്‍ച്ചകളുടെയും ജാറങ്ങളുടെയും മാനവികതയെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ മാപ്പിള-കീഴാള ബന്ധത്തിന്റെ ഒരു പ്രധാന വ്യവഹാര തലമാണല്ലോ ഇത്തരം നേരങ്ങള്‍.
'ചരമ വാര്‍ഷികം' ഒഴികെയുള്ള രണ്ടു നോവലുകളുടെയും(സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം)ഭൂമികയില്‍ നിന്നു കൊണ്ടു തന്നെയാണ് കെ.പി രാമനുണ്ണി 'ദൈവത്തിന്റെ പുസ്തക'ത്തിന്റെ ആഖ്യാനം നിര്‍വഹിക്കുന്നത്. ദൈവത്തിന്റെയും അവന്റെ പ്രവാചകന്മാരുടെയും അവന്റെ പുസ്തകത്തിന്റെയും ദൈവങ്ങളുടെയും അവരുടെ സന്ദേശങ്ങളുടെയും ബഹുത്വത്തിലൂന്നി നിര്‍വഹിക്കപ്പെടുന്ന ആഖ്യാനം, ഏകശിലാത്മകതയിലേക്കു സമൂഹത്തെ നയിക്കുന്ന ഫാസിസ്റ്റ് നിലപാടുകളോടുള്ള പ്രതിഷേധ പ്രഖ്യാപനമാണ്. ഗാന്ധിജിയും നെഹ്‌റുവും അബ്ദുല്‍ കലാം ആസാദും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യക്കു തന്നെയാണ് പ്രസക്തി എന്ന് നോവല്‍ ആവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."