അളവുതൂക്കങ്ങളില്‍ തട്ടിപ്പ്: ആറ് പമ്പുകള്‍ക്ക് പൂട്ടുവീണു
കാക്കനാട്: അളവ് തൂക്ക നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച ആറ് പെട്രോള്‍ പമ്പുകള്‍ ലീഗല്‍ മെട്രോളജി വകുപ്പ് അടച്ചു പൂട്ടി. എറണാകുളത്ത് നാല് പെട്രോള്‍ പമ്പുകളും ഇടുക്കിയില്‍ രണ്ട് പമ്പുകളുമാണ് അടച്ച് പൂട്ടിയത്. നാല് ജില്ലകളില്‍ ഓയില്‍ വില്‍പനയില്‍ കൃത്രിമം കാണിച്ച 11 പമ്പുടമകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ റീജണല്‍ പരിധിയിലെ പെട്രോള്‍ പമ്പുകളിലാണ് 'സ്‌പെഷല്‍ ഡ്രൈവ്' നടത്തിയത്.
ചൊവ്വാഴ്ച രാവിലെ ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. രാംമോഹന്റെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകളാണ് നാല് ജില്ലകളില്‍ പരിശോധന നടത്തിയത്. പെട്രോള്‍ പമ്പുകളില്‍ നിന്ന് നല്‍കുന്ന ഇന്ധനത്തില്‍ അളവ് തൂക്ക നിയമ പ്രകാരം കൃത്രിമം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും പരിശോധിച്ചത്.
പമ്പുകളില്‍ എല്ലാ വര്‍ഷവും പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ധന ഉപയോക്താക്കള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
അപാകതകള്‍ പരിഹരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് വീണ്ടും പരിശോധിച്ച് ഇലക്ട്രോണിക് മെഷീനുകളില്‍ അപാകതകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
മെഷീനുകളില്‍ സ്വഭാവിക തകരാര്‍ മൂലവും ഇന്ധനത്തിന്റെ അളവില്‍ കുറവുകള്‍ വരാന്‍ ഇടയാക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ 0.5 ശതമാനം വരെ ഇന്ധനത്തിലെ വ്യത്യാസം നിയമാനുസൃതമാണ്.
എന്നാല്‍ അഞ്ച് ലിറ്റര്‍ ഇന്ധനത്തില്‍ 25 മില്ലീ ലിറ്ററില്‍ കൂടുതല്‍ വ്യത്യാസം പരിശോധനയില്‍ കണ്ടെത്തിയ പമ്പുകളാണു അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇലക്‌ട്രോണിക് മെഷീനുകളില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന തകരാറുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ രേഖാമൂലം അറിയിച്ച് പരിഹരിക്കാതെ ഇന്ധന വില്‍പന നടത്തിയ പമ്പുകളാണ് പരിശോധനയില്‍ കുടുങ്ങിയത്.
ഇന്ധനത്തില്‍ കുറവു വരുന്നുണ്ടോ എന്ന് അതാത് പമ്പുടമകള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് വില്‍പന നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."