കാലവര്‍ഷം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനത്തില്‍ ഇടിവ്
തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ കുറവ് കാരണം സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പാദനത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിക്കുകയാണ്. ഈ മാസം 17 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ പ്രതിദിന ശരാശരി ഉല്‍പാദനം 10.901 ദശലക്ഷം യൂനിറ്റും പ്രതിദിന ഉപഭോഗം 63.831 ദശലക്ഷം യൂനിറ്റുമാണ്. ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം 52.93 ദശലക്ഷം യൂനിറ്റാണ്. മഴയുടെ കുറവ് കാരണം ഇതുവരെയുള്ള കണക്കുപ്രകാരം പ്രതീക്ഷിച്ചിരുന്ന നീരൊഴുക്കിന്റെ 55 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ.
ഈ മാസം 17വരെയുള്ള കണക്ക് പ്രകാരം 2292.43 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പരിഗണിച്ച് കൂടുതല്‍ വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വാങ്ങികൊണ്ടിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കങ്ങളെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നടപടികള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളും സി.എഫ്.എല്ലുകളും മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കും.
വൈദ്യുതി പ്രസരണ മേഖലയില്‍ പ്രതിദിനം ഏകദേശം മൂന്ന് മില്യണ്‍ യൂനിറ്റ് വൈദ്യുതി നഷ്ടം ഉണ്ടാകുന്നുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."