മുത്തലാഖ്: രാഷ്ട്രീയ മുതലെടുപ്പ് അപകടകരമെന്ന് എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: ഏക സിവില്‍കോഡ് നടപ്പാക്കാനെന്ന പേരില്‍ മുസ്‌ലിം സമുദായത്തിന്റെ വ്യക്തിനിയമങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതു മൗലികാവകാശത്തിലുള്ള കൈകടത്തലാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനും വര്‍ഗീയത വളര്‍ത്തി വോട്ടുകള്‍ ഏകീകരിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. നിബന്ധനകള്‍ക്കു വിധേയമായി അനിവാര്യ ഘട്ടങ്ങളില്‍ അത്യപൂര്‍വമായി മാത്രം അനുവദിക്കപ്പെട്ട സ്വാതന്ത്ര്യമാണു മുത്തലാഖ്. ആര്‍ക്കും എപ്പോഴും യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന ലൈസന്‍സാണിതെന്ന രീതിയില്‍ സര്‍വ വ്യാപക പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി മുസ്‌ലിം സ്ത്രീകള്‍ മുഴുവന്‍ ഇതിന്റെ ഇരകളാണെന്നു വരുത്തിതീര്‍ക്കാനുള്ള നിലപാട് മതത്തെ താറടിച്ച് കാണിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രം മാത്രമാണ്. മുത്തലാഖ് എന്താണെന്നും എന്തിനാണെന്നും പ്രാഥമിക അറിവുപോലുമില്ലാതെ ചിലര്‍ അഭിപ്രായം പറയുന്നതു ഗൂഢോദ്ദേശ്യം വച്ചണ്. ജാതിമത ഭേദമന്യേ എല്ലാവരിലും വിവാഹമോചനവും പ്രശ്‌നമുണ്ടായിരിക്കെ ഇസ്‌ലാം മതത്തിന്റെ പ്രശ്‌നം മാത്രമായി കാണുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ടെന്നു നേതാക്കള്‍ പറഞ്ഞു.
മതകാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതും തീരുമാനമെടുക്കേണ്ടതും മതപണ്ഡിതരാണെന്നിരിക്കെ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. മുസ്‌ലിം സ്ത്രീകളുടെ ജീവിതം മുത്തലാഖിലൂടെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന തികഞ്ഞ അജ്ഞതയാണു കാണിക്കുന്നത്. അനിവാര്യ ഘട്ടത്തില്‍ മാത്രം അനുവദിക്കപ്പെട്ട മതകല്‍പ്പനകളെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേ ബഹുജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നേതാക്കളായ സലാം ദാരിമി കിണവക്കല്‍, ബഷീര്‍ അസ്അദി നമ്പ്രം, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, ലത്തീഫ് പന്നിയൂര്‍, ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ഗഫൂര്‍ ബാഖവി അഞ്ചരക്കണ്ടി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."