മധുരം വിതറി കോഴിക്കോടന്‍ ദീപാവലി വിപണി
കോഴിക്കോട്: ദീപാവലി അടുത്തെത്തിയതോടെ നഗരത്തില്‍ മധുരപലഹാര വിപണി സജീവം. പിസ്ത, ജിലേബി, ബര്‍ഫി, പേഡ, ലഡു തുടങ്ങിയ പതിവിനങ്ങള്‍ തന്നെയാണ് ഇക്കുറിയും വിപണിയിലുള്ളത്. മൈസൂര്‍പാക്ക്, സ്വീറ്റ് ബാദുഷ, റവ ലഡു, ജാംഗ്‌റി, പിസ്തപേട, സ്വീറ്റ് പേട, സോന, തരിപ്പാക്ക്, മണി ഗൂന്തി, എന്നിവയെല്ലാം മിഠായിഭരണിയില്‍ ഇടം നേടിയിട്ടുണ്ട്. ഇതിനൊപ്പം ബര്‍ഫികളുടെ നീണ്ടനിര തന്നെയുണ്ട്. തേങ്കായ് ബര്‍ഫി, ഓറഞ്ച് ബര്‍ഫി, പൈനാപ്പിള്‍ ബര്‍ഫി, ചുക്ക് ബര്‍ഫി, ചിക്കന്‍ ബര്‍ഫി, ബദാം ബര്‍ഫി, പിസ്ത ബര്‍ഫി, കോക്കനറ്റ് ബര്‍ഫി എന്നിവയെല്ലാം വിപണിയില്‍ സുലഭമാണ്.
ഒരു കിലോ ഓര്‍ഡിനറി മിക്‌സഡ് മിഠായി പാക്കറ്റിന് 180 രൂപ മുതല്‍ 320 രൂപ വരെയാണ് വില. പല കടകളിലും വില പല തരം. ഏറ്റവും കുറഞ്ഞ നിരക്കില്‍ ദീപാവലി മിഠായി വില്‍ക്കുന്നത് മുതലക്കുളത്ത് ജൂബിലി വര്‍ക്കേഴ്‌സ് ഇന്റസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി വെസ്റ്റ്ഹില്ലിന്റെയും ത്രിവേണി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റേയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ദീപാവലി മിഠായി സ്റ്റാളാണ്. 500 ഗ്രാമിന് 90 രൂപയാണ് ഇവിടുത്തെ വില. കൂടാതെ ബംഗാളി പാക്കറ്റുകളും വില്‍പനയ്ക്കുണ്ട്. പാലുല്‍പന്നങ്ങള്‍ മാത്രമടങ്ങിയ ഇത്തരം പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഡയറക്ടര്‍മാരായ ശിവാനന്ദനും, ബിനീഷും പറയുന്നു. ഒരു കിലോയ്ക്ക് 300 രൂപയാണ് വില. കടകളില്‍ ഇത്തരം പാക്കിന് 500 രൂപയാണ് വില.
മില്‍ക്ക് റോള്‍, ഡ്രൈ ഫ്രൂട്ട് ലഡു, ബംഗാളി ലഡു, മില്‍ക്ക് കേക്ക്, ഫ്രൂട്ട് ഹല്‍വ തുടങ്ങിയവയെല്ലാമാണ് ബംഗാളി പാക്കറ്റിലുള്ളത്. പരമ്പരാഗത ഓലക്കുട്ടയില്‍ നിറച്ച ദീപാവലി മിഠായികളുമായി ഒജിന്‍ ബേക്‌സും ഇത്തവണ ദീപാവലി മിഠായി നിര്‍മാണത്തില്‍ മുന്നിലുണ്ട്. ആദ്യകാലത്ത് ദീപാവലി മിഠായികള്‍ ഓലക്കുട്ടയിലാണ് നല്‍കിയിരുന്നത്. പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഒജിന്‍ ബേക്‌സ് ഡയറക്ടര്‍ സുബൈര്‍ പറഞ്ഞു. ഒരു കിലോയുള്ള കുട്ടയ്ക്ക് 500 രൂപയാണ് വില. ഇവയ്ക്ക് പുറമെ പല നിറത്തിലും രൂപത്തിലും രുചിയിലുമുള്ള അനേകം പലഹാരങ്ങളാണ് ഒജിന്‍ ഇത്തവണ മധുരപ്രിയര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഷുഗറുള്ളവര്‍ക്ക് മധുരമില്ലാത്ത പലഹാരങ്ങള്‍ വേറെയുമുണ്ട്.
വിപണിയില്‍ ഇത്തവണയും ഉത്തരേന്ത്യന്‍ രുചികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. പതിവ് ലഡുവില്‍ നിന്നും ജിലേബിയില്‍ നിന്നും വ്യത്യസ്തമായി വടക്കേ ഇന്ത്യന്‍ രുചി നുണയാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നതിനാല്‍ മധുരപലഹാര നിര്‍മിതിക്കായി രാജസ്ഥാനിലേയും മഹാരാഷ്ട്രയിലെയും മധുരപലഹാര പാചകക്കാര്‍ നഗരത്തില്‍ തമ്പടിച്ചിരിക്കുകയാണ്. നാടന്‍ മിഠായികളിലെ ചേരുവകളില്‍ നിന്ന് ഏറെ വ്യത്യസ്ഥമായി പാചകത്തിന് നെയ്യും, പഞ്ചസാരയും കൂടുതലുപയോഗിക്കുന്നുവെന്നതാണ് ഇവരുടെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."