അഹ്മദാബാദിന്റെ പേര് മാറ്റാന്‍ ആര്‍.എസ്.എസ് നീക്കം
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹ്മദാബാദിന്റെ പേര് മാറ്റാന്‍ ആര്‍.എസ്.എസ് നീക്കം. 'കര്‍ണാവതി' എന്നാക്കാനാണ് ശ്രമം. ഇതിനോടൊപ്പം ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കാനും ഔറംഗാബാദിന്റെ പേര് സാംബജി നഗര്‍ എന്നാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്നാക്കി മാറ്റയതിനു പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൂടുതല്‍ നഗരങ്ങളുടെ പേരുമാറ്റാനുള്ള ശ്രമം നടക്കുന്നത്. കേരളം എന്ന പേരുമാറ്റി 'കേരള' എന്നാക്കാനും നീക്കമുണ്ട്. ഇംഗ്ലീഷില്‍ 'കേരള' എന്നാണ് ഉപയോഗിക്കുന്നതെങ്കിലും മലയാളികള്‍ കേരളം എന്നാണ് പറയുന്നതെന്നാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
15-ാം നൂറ്റാണ്ടില്‍ ഗുജറാത്ത് ഭരിച്ചിരുന്ന അഹ്മദ് ഷായുടെ സ്മരണാര്‍ഥമാണ് നഗരത്തിന് അഹ്മദ് നഗരം എന്നര്‍ഥമുള്ള അഹ്മദാബാദ് എന്ന പേരുലഭിച്ചത്. 1960 മുതല്‍ 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനവും ഈ നഗരമായിരുന്നു. പിന്നീട് തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി.
മുഗള്‍ രാജാവ് ഔറംഗസീബിന്റെ പേരില്‍ അറിയപ്പെടുന്ന ഔറംഗാബാദ്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റണമെന്നത് സംഘ്പരിവാറിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. പേരുമാറ്റത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
തെലങ്കാനയില്‍ പേരുമാറ്റാന്‍ ബി.ജെ.പിക്ക് അധികാരമില്ലെങ്കിലും ജനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. തമിഴ്‌നാട്ടിലെ മദ്രാസിന്റെ പേര് ചെന്നൈയെന്നും കല്‍ക്കത്തയുടെത് കൊല്‍ക്കത്തയെന്നുമാക്കിയപ്പോള്‍ ആരും എതിര്‍ത്തില്ലെന്നും അതിനാല്‍ ഹൈദരാബാദിന്റെ പേരുമാറ്റുമ്പോള്‍ വിവാദമാക്കേണ്ടതില്ലെന്നുമാണ് ബി.ജെ.പി എം.എല്‍.എ ജി. കിഷന്റെഡ്ഡി പറയുന്നത്. അടുത്തിടെ, ഡല്‍ഹിയിലെ പ്രധാന റോഡായ ഔറംഗസീബ് റോഡിന്റെ പേര് ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കിമാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."