കൃഷിയിടങ്ങളിലെ യന്ത്രങ്ങളെ നിയന്ത്രിക്കാന്‍ ഇനി വളയിട്ട കൈകളും
ചെറുവത്തൂര്‍ (കാസര്‍കോട്): പരമ്പരാഗത രീതികളുമായി കൃഷിയിടങ്ങളില്‍ ഒതുങ്ങിയിരുന്ന സ്ത്രീകള്‍ കാര്‍ഷിക യന്ത്രങ്ങളുമായി വയലുകളിലേക്ക്. ട്രാക്ടറും, ടില്ലറും, നടീല്‍ യന്ത്രവുമെല്ലാം ഇനി പെണ്‍കരുത്തിന് മുന്‍പില്‍ ശിരസ് നമിക്കും. കേരള കാര്‍ഷിക സര്‍വകലാശാല പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഞാറുനടല്‍, കളപറിക്കല്‍, കൊയ്ത്ത്, മെതി തുടങ്ങിയ ജോലികളിലാണ് സ്ത്രീകള്‍ നിലവില്‍ ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ മാത്രം ചെയ്തുവന്നിരുന്ന ഈ ജോലികളിലേക്ക് പുരുഷന്‍ന്മാരും യന്ത്രങ്ങളുമെത്തിയതോടെ ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുകയായിരുന്നു. ഈ പുതിയ സാഹചര്യത്തിലാണ് കാലത്തിനൊപ്പം മാറി കൃഷിയിടങ്ങളിലേക്കെത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നത്.
ടില്ലര്‍, ട്രാക്ടര്‍, നടീല്‍യന്ത്രം, ബ്രഷ്‌കട്ടര്‍, മെതിച്ച്പാറ്റുന്ന യന്ത്രം, കൊയ്ത്തുയന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍ എന്നിവയില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ പരിശീലനം നേടിക്കഴിഞ്ഞു. കാര്‍ഷിക മേഖല ഇന്നനുഭവിക്കുന്ന രൂക്ഷമായ തൊഴിലാളിക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുകയും, കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ ഈ തൊഴിലുകള്‍ ഉപകരിക്കുകയും ചെയ്യുമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.
മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ഭക്ഷ്യസുരക്ഷ സേനാംഗം ബിന്ദു പട്ടുവം, നീലേശ്വരം അഗ്രോ സര്‍വിസ് സെന്ററിലെ എം. മനോഹരന്‍ എന്നിവരാണ് പരിശീലകര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തൊഴിലാളികളാണ് ഇപ്പോള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തൊഴിലുകള്‍ ഏറെയും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കിയാല്‍ ഈ തൊഴിലുകളെല്ലാം തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമെമന്നാണ് കാര്‍ഷികയന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ച സ്ത്രീകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."