കേരളത്തില്‍ നിന്ന് ആശുപത്രി മാലിന്യവുമായെത്തിയ 24 ലോറികള്‍ കോയമ്പത്തൂരില്‍ കസ്റ്റഡിയില്‍
കോയമ്പത്തൂര്‍: കേരളത്തില്‍നിന്നും ആശുപത്രി മാലിന്യവുമായി കോയമ്പത്തൂരിലെ എട്ടിമടയിലെത്തിയ 24 ലോറികളെയും ഡ്രൈവര്‍മാരെയും തമിഴ്‌നാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂരിനടുത്തുള്ള ചാവടി ആര്‍.ടി.ഒ ചെക്‌പോസ്റ്റിന് സമീപം നാട്ടുകാര്‍ ലോറികള്‍ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചാവടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 24 ലോറിയുടെ ഡ്രൈവര്‍മാരെ അറസ്റ്റുചെയ്ത് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ലോറികള്‍ പൊലിസ് കസ്റ്റഡിയിലാണ്. റിമാന്‍ഡ് ചെയ്തവരില്‍ അഞ്ചു തമിഴ്‌നാട് ലോറികളുടെ ഡ്രൈവര്‍മാരും ഉള്‍പ്പെടും.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍നിന്നുള്ള ആശുപത്രി മാലിന്യങ്ങളുമായി എത്തിയ 24 ലോറികളാണ് അധികൃതര്‍ പിടികൂടിയത്. മാലിന്യങ്ങള്‍ എട്ടിമടയിലെ ചെല്ലപ്പ കൗണ്ടര്‍ തോട്ടത്തില്‍ ഇറക്കുകയും പ്രദേശത്താകെ അസഹ്യമായ ദുര്‍ഗന്ധം സൃഷ്ടിക്കുകയും ആരോഗ്യ പ്രശ്‌നമുയര്‍ത്തുകയും ചെയ്തതോടെ നാട്ടുകാര്‍ ജില്ലാ കലക്ടറെയും പൊലിസിനെയും വിവരം അറിയിച്ചിരുന്നു.
പാലക്കാട് തൊട്ടുങ്കല്‍ സ്വദേശിയായ മൈത്രി നഗറിലെ എസ് മുഹമ്മദ് ഇല്യാസ് (50) ആണ് മാലിന്യങ്ങള്‍ കടത്തിവന്ന സംഭവത്തിലെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ മലബാറിലെ പ്രധാന ആശുപത്രികളില്‍നിന്നും ആശുപത്രി മാലിന്യങ്ങള്‍ ശേഖരിച്ചു കോയമ്പത്തൂരിലേക്കു കൊണ്ടുവന്നു നിക്ഷേപിച്ചു പോകുകയാണ് പതിവെന്നും ഇയാളെ സഹായിക്കാന്‍ കോഴിക്കോട് കേന്ദ്രീകരിച്ചു മൂന്ന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. ഒരു ലോറി മാലിന്യത്തിനു രണ്ട് ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം വരെ പ്രതിഫലം ലഭിക്കുമത്രെ. എട്ടിമടയിലെ ചെല്ലപ്പ കൗണ്ടര്‍ തോട്ടത്തില്‍ നിക്ഷേപിച്ച ആശുപത്രി മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടാനായിരുന്നു പരിപാടി.
ഇല്യാസിനു പുറമെ ഡ്രൈവര്‍മാരായ മലപ്പുറം കാവനൂര്‍ സ്വദേശി പയ്യിനിയംകുന്നത്ത് കുട്ടന്റെ മകന്‍ ബിജി (30), പാലക്കാട് കല്ലിക്കോട് വാസു മകന്‍ അഖിലേഷ് (33), കല്ലിക്കോട് സ്വദേശി ശ്രീജോ (36), പാലക്കാട് സ്വദേശി കെ മുത്തു (48), വിജയന്‍ (27), മലപ്പുറം മഞ്ചേരി പൂത്തുല ഹൗസിലെ സുലൈമാന്‍ മകന്‍ ഹാരിസ് (42), കല്ലിക്കോട് സ്വദേശി മുഹമ്മദ് കുഞ്ഞബ്ദുവിന്റെ മകന്‍ അജ്മല്‍ (28), പാലക്കാട് മണ്ണൂര്‍ മാണിക്കം മകന്‍ ശിവരാജന്‍ (36), മലപ്പുറം വെള്ളിച്ചേരി സ്വദേശി ഹംസ മകന്‍ മുഹമ്മദ് (33), സേലം സ്വദേശികളായ രാജേന്ദ്രന്‍ (42), ചൊക്കലിംഗം (42), മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി മകന്‍ കുഞ്ഞാലി (27), മഞ്ചേരി സ്വദേശി മുഹമ്മദ് മകന്‍ മജീദ് (49), കുന്നമംഗലം സ്വദേശി ഹമീദ് കോയയുടെ മകന്‍ കുഞ്ഞുമുഹമ്മദ് (58), കൊയിലാണ്ടി പതഞ്ജലി ഹൗസിലെ ശിവദാസന്റെ മകന്‍ രഞ്ജിത്ത് (25), ശരവണന്‍ (37) എന്നീ ലോറി ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.
കര്‍ണാടകയിലേക്കുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സ്‌ക്രാപ്പ് ഇനങ്ങളുമെന്ന കൃത്രിമ ബില്‍ തയാറാക്കിയാണ് മാലിന്യലോറികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചെക്കുപോസ്റ്റുകള്‍ വഴി കടന്നു കോയമ്പത്തൂരിലെത്തിയതെന്നു മധുക്കര തഹസില്‍ദാര്‍ ശിവശങ്കരന്‍ കണ്ടെത്തി. ചെക്കുപോസ്റ്റുകളിലെ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ഈ മാലിന്യ കടത്തിനു കൂട്ടുനിന്നതായി അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ ഉടനെ നടപടിയുണ്ടാവും. മാലിന്യങ്ങള്‍ ലോറികളില്‍ കയറ്റിവിട്ട കേരളത്തിലെ ആശുപത്രികള്‍ക്കെതിരേയും കേസെടുക്കമെന്ന് പൊലിസ് പറഞ്ഞു. പിടികൂടിയ ലോറികള്‍ കണ്ടുകെട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."