ആലപ്പുഴ രൂപതയിലെ രണ്ടു പള്ളികളില്‍ മോഷണം
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ രണ്ടു പള്ളികളില്‍ മോഷണം. മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍പള്ളി(ലത്തീന്‍പള്ളി), കാളാത്ത് സെന്റ് പോള്‍സ് പള്ളി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കഴിഞ്ഞദിവസം രാത്രി 11നു ശേഷമാണ് ലത്തീന്‍പള്ളിയില്‍ മോഷണം നടന്നത്. ഇടവക വികാരിയുടെ ഓഫീസ് മുറിയില്‍നിന്നും 25000 രൂപയോളവും, അസിസ്റ്റന്റ് വികാരിയുടെ ഓഫീസ് മുറിയില്‍നിന്നും 8000 രൂപയും, പാവങ്ങളെ സഹായിക്കുന്ന സംഘടനയായ എസ്എഫ്എയുടെ ഓഫീസില്‍നിന്നും 20000 രൂപയോളവും നഷ്ടമായതായാണ് വിവരം. ജനലഴികള്‍ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.
ഓഫീസിനുള്ളില്‍ കടന്നശേഷം ഭിത്തിയില്‍ തൂക്കിയിരുന്ന താക്കോലുകള്‍ എടുത്തു അലമാരിയും മേശവലിപ്പും തുറന്നായിരുന്നു മോഷണം. ഓഫീസ്മുറികള്‍ അലങ്കോലമാക്കിയ നിലയിലാണ്. മോഷണം നടന്നദിവസം രാത്രി 11 വരെ ഓഫീസില്‍ ആളുണ്ടായിരുന്നു. ഇതിനുശേഷമാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. പുലര്‍ച്ചെയോടെയാണ് സംഭവം പള്ളി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി വിവരശേഖരണം നടത്തി. കഴിഞ്ഞ 25നു രാത്രി 11നുശേഷമാണ് കാളാത്ത് സെന്റ് പോള്‍സ് പള്ളിയില്‍ മോഷണം നടന്നത്. പള്ളിക്കുമുമ്പിലെ കുരിശടിയിലെ രണ്ടു കാണിക്കവഞ്ചികളുടെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്.
മുഖംമൂടി ധാരിയായ ഒരാളുടെ ദൃശ്യം പള്ളിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് നോര്‍ത്ത് പോലീസിനു കൈമാറി. മാസങ്ങള്‍ക്കുമുമ്പ് സമാനമായ മോഷണം കാളാത്ത് പള്ളിയില്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."