ഏരിയാ സെക്രട്ടറിക്കെതിരേയുള്ള നടപടിയെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത
കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി പാര്‍ട്ടി സെക്രട്ടറിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹൂസൈനെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ ഭിന്നത. ജില്ലാ കമ്മറ്റിയംഗം കൂടിയായ സക്കീറിനെതിരേ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നടപടിയുടെ കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു.
സക്കീറിനെ കൈവിടില്ലെന്ന നിലപാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഔദ്യോഗിക നേതൃത്വം സ്വീകരിച്ചപ്പോള്‍ അതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധസ്വരം ഉയര്‍ത്തി. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വി.എ സക്കീര്‍ ഹുസൈനെതിരേ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അടുത്തമാസം നാലിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേരാനും തീരുമാനിച്ചു.
ഗുണ്ടകളെ നേരിടാന്‍ കൊച്ചി സിറ്റി പൊലിസ് ദൗത്യസംഘം രൂപീകരിച്ച ശേഷം പുതിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യകേസിലാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ നേരത്തെ തന്നെ അറസ്റ്റിലായ യുവജനസംഘടന നേതാവും ഒന്നും രണ്ടും പ്രതിയായി മാറിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയാണ് പൊലിസിന് കൈമാറിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി സക്കീര്‍ ഹൂസൈന്‍ ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണെന്നുമാണ് പൊലിസ് പറയുന്നത്.
പരാതിക്കാരനായ ജൂബിയുമായി പൊലിസ് ഇന്നലെ തെളിവെടുപ്പ് നടത്തി. യുവസംരംഭകയെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി സിദ്ദീഖ് റിമാന്റിലായതിനാല്‍ സാങ്കേതിക നടപടികള്‍ മാത്രമാണ് പൊലിസിന് ചെയ്യേണ്ടതുള്ളു.
സക്കീര്‍ ഹുസൈന്റെ കാര്യത്തില്‍ ജില്ലാ സെക്രട്ടറി പി.രാജീവിനെതിരേയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് സിദ്ദിഖിനെ അനുകൂലിച്ചു പാര്‍ട്ടിയുടേതായി പ്രചരിപ്പിക്കപ്പെട്ട പോസ്റ്ററുകളെ ചൊല്ലിയും യോഗത്തില്‍ രൂക്ഷമായ തര്‍ക്കം നടന്നു.
സിദ്ദിഖ് ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘത്തെ ഉപയോഗിച്ച് നേട്ടമുണ്ടാക്കിയവര്‍ തന്നെ അവരെ സംരക്ഷിച്ചാല്‍ മതിയെന്നും പാര്‍ട്ടിയുടെ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും ഔദ്യോഗിക നേതൃത്വത്തിനെതിരേ എതിര്‍വിഭാഗം മുന്നറിയിപ്പു നല്‍കി.
സി.ഐ.ടി.യു സമ്മേളനം പാലക്കാട് ആരംഭിച്ചിരിക്കുന്നതിനാല്‍ വി.എസ് പക്ഷത്തെ ചന്ദ്രന്‍പിള്ള അടക്കമുള്ള പ്രമുഖ നേതാക്കള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായിരുന്നില്ല.
ഭീഷണി കോടിയേരിയുടെ
പേരില്‍ തന്നെയെന്ന് പരാതിക്കാരന്‍
തന്നെ തട്ടിക്കളയാന്‍ കോടിയേരിയുടെ ക്വട്ടേഷനുണ്ടെന്ന ഭീഷണിയാണ് ആദ്യം ലഭിച്ചതെന്ന് വ്യക്തമാക്കി പരാതിക്കാരനായ ജൂബി പൗലോസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയും ഈ കേസിലെ രണ്ടാം പ്രതിയുമായ ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന സിദ്ദീഖ് ആണ് ഭീഷണി മുഴക്കിയതെന്നും തന്നെ പാലാരിവട്ടത്ത് നിന്ന് ബലമായി കാറില്‍ കയറ്റി സി.പി.എം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്നില്‍ എത്തിക്കുകയായിരുന്നെന്നും ജൂബി ആവര്‍ത്തിച്ചു.
കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല: സി.പി.എം
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നും ഇതില്‍ പാര്‍ട്ടി ഒരു തരത്തിലും ഇടപ്പെടില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍
വ്യക്തമാക്കി. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കുകയില്ല. ഇതു സംബന്ധിച്ച് ആവശ്യമായ അന്വേഷണത്തിനുശേഷം ജില്ലാ കമ്മിറ്റി വിണ്ടും പരിശോധിക്കും.
സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ട് കുടുതല്‍ ജനകീയമാകാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനും പാര്‍ട്ടിയെ സംബന്ധിച്ച് അവമതിപ്പ് ഉണ്ടാക്കാനുമുള്ള ശ്രമങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."