വിദര്‍ഭക്ക് മുന്നില്‍ 'റണ്‍മല' തീര്‍ത്ത് ജാര്‍ഖണ്ഡ് ഇഷാങ്ക് ജഗ്ഗിക്ക് സെഞ്ച്വറി; 257 റണ്ണിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്
കൃഷ്ണഗിരി: രഞ്ജിയിലെ പൂള്‍ ബി മത്സരത്തില്‍ വിദര്‍ഭക്കെതിരെ കൃഷ്ണഗിരിയില്‍ ജാര്‍ഖണ്ഡിന്റെ റണ്‍മല. ഒന്നാമിന്നിങ്‌സില്‍ 257 റണ്ണിന്റെ ലീഡാണ് ജാര്‍ഖണ്ഡ് നേടിയത്. എട്ടിന് 362 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ജാര്‍ഖണ്ഡിനെതിരെ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിദര്‍ഭ വിക്കറ്റ് നഷ്ടപ്പെടാതെ 48 റണ്‍ നേടിയിട്ടുണ്ട്. 209 റണ്ണുകള്‍ കൂടി നേടിയാലേ വിദര്‍ഭക്ക് ജാര്‍ഖണ്ഡിന് ഒപ്പമെത്തനാവൂ. തലേന്നത്തെ ടീം ടോട്ടലായ 146ലേക്ക് 11 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടാംദിനം ജാര്‍ഖണ്ഡിന്റെ ആദ്യ വിക്കറ്റ് വീണു. 86 റണ്ണെടുത്ത പ്രത്യുഷ്, ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സൗരഭ് തിവാരി ആനന്ദ് സിങിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടെ 76 റണ്ണെടുത്ത ആനന്ദ് സിങും വീണു. ആര്‍.ഡി താക്കൂറിന്റെ പന്തില്‍ ജെ.എം ശര്‍മ പിടിച്ച് ആനന്ദ് പുറത്താകുമ്പോള്‍ ടീം ടോട്ടല്‍ മൂന്നിന് 189 എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ ഇശാങ്ക് ജഗ്ഗി ക്യാ്പറ്റനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജാര്‍ഖണ്ഡ് മൂന്നിന് 216 എന്ന നിലയിലായിരുന്നു.
ഇരുവരും ചേര്‍ന്ന് 83 റണ്ണിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് പിരിഞ്ഞത്. 45 റണ്ണെടുത്ത സൗരഭ് തിവാരിയെ വോ, ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല.
ഇശാന്‍ കിഷന്‍ ആറ് റണ്ണിനും കൗശല്‍ സിങ് 12 റണ്ണിനും ശഹബാസ് നദീം ഡക്കായും വികാശ് സിങ് നാല് റണ്ണിനും പുറത്തായി. ഇതിനിടയില്‍ ഇശാങ്ക് ജഗ്ഗി തന്റെ സെഞ്ച്വറി കണ്ടെത്തി. ടീംടോട്ടല്‍ 362ലെത്തിയപ്പോള്‍ ജാര്‍ഖണ്ഡ് നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതായി അറിയിച്ചു. ഈസമയം 112 റണ്ണുമായി ഇശാന്‍ ജഗ്ഗിയും ഒരു റണ്ണുമായി ആശിശ് കുമാറുമായിരുന്നു ക്രീസില്‍. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ജാര്‍ഖണ്ഡ് ഈ സ്‌കോര്‍ കണ്ടെത്തിയത്. വിദര്‍ഭക്കായി എസ്.ബി വോ, ആര്‍.എന്‍ ഗുര്‍ബാനി, എ.കെ കാര്‍ണെവര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ആര്‍.ഡി താക്കുര്‍ ഒരു വിക്കറ്റും വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് കാര്‍ണെവറിന്റെ ഫീല്‍ഡിങ് മികവില്‍ റണ്ണൗട്ടിന്റെ രൂപത്തിലുമാണ് എത്തിയത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച വിദര്‍ഭ 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 48 റണ്‍ എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഫയിസ് ഫസല്‍ 29 റണ്ണുമായും ആര്‍.ആര്‍ സഞ്ജയ് 19 റണ്ണുമായി ക്രീസിലുണ്ട്. രണ്ടാമിന്നിങ്‌സില്‍ ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റ് വീശുന്നത്്.
ഒന്നാമിന്നിങ്‌സിലെ പോലെ ഒരു ബാറ്റിങ് തകര്‍ച്ചയുണ്ടായാല്‍ ജാര്‍ഖണ്ഡിന് മുന്നില്‍ വിദര്‍ഭ ഇന്നിങ്‌സിന് അടിയറവ് പറയേണ്ടി വരും. ഇക്കാരണത്താല്‍ തന്നെ വിദര്‍ഭയുടെ ഓപ്പണര്‍മാര്‍ മോശം പന്തുകള്‍ മാത്രം തിരഞ്ഞ്പിടിച്ചുള്ള ആക്രമണമാണ് നടത്തുന്നത്. ഇന്നും നാളെയും ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമെ വിദര്‍ഭക്ക് സമനിലയെങ്കിലും നേടാനാവൂ. സമനിലക്ക് വേണ്ടിയാവും ഈ രണ്ട് ദിവസങ്ങളില്‍ വിദര്‍ഭയുടെ താരങ്ങള്‍ പരിശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."