എ.ടി.എം തകര്‍ത്ത് പണം കവരാന്‍ ശ്രമം നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍
നെടുമ്പാശ്ശേരി: എ.ടി.എം കൗണ്ടര്‍ ബോംബ് വച്ച് തകര്‍ത്ത് പണം കവരാന്‍ ശ്രമം നടത്തിയ കേസിലെ രണ്ടാം പ്രതിയും നെടുമ്പാശ്ശേരി പൊലിസിന്റെ പിടിയിലായി. മാണിക്യമംഗലം എടശ്ശേരി വീട്ടില്‍ തോമസ് മാത്യു (27) ആണ് പിടിയിലായത്. അങ്കമാലി ആലുവ ദേശീയ പാതയില്‍ ദേശം കവലയിലുള്ള എസ്.ബി.ടി ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കഴിഞ്ഞ ജൂണ്‍ 26 ന് പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്.
ബോംബ് വച്ച് കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിക്കുന്നതിനിടയില്‍ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് സംഘം എത്തിയതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി മാണിക്യമംഗലം സ്വദേശി കൃഷ്ണദാസിനെ കാലടി പൊലിസ് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എം കവര്‍ച്ചാ കേസിലെ ബന്ധം വ്യക്തമായത്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന ഇയാളെ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇയാളില്‍ നിന്നും കൂട്ടുപ്രതിയായ തോമസ് മാത്യുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
സംഭവ ദിവസം പുലര്‍ച്ചെ 2.30ന് ബൈക്കിലെത്തിയ ഇവര്‍ എ.ടി.എമ്മില്‍ ബോംബ് വച്ച ശേഷം ആലുവ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയി. എ.ടി.എം തകര്ന്നിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ പണം കവരാന്‍ ഏതാനും സമയത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴേക്കും പൊലിസ് വാഹനം വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടുകയായിരുന്നു.സംഭവ സ്ഥലത്ത് നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നെങ്കിലും പ്രതികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഹെല്‍മറ്റും, കോട്ടും, ഗ്ലൗസും ധരിച്ചാണ് ഇവര്‍ കവര്‍ച്ചക്കെത്തിയതെന്ന് മാത്രമാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നത്.അങ്കമാലി കോടതിയില്‍ ഹാജരാക്കിയ തോമസിനെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."