ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണം- മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാണെന്നും ഒരു വിധത്തിലുള്ള ഭേദഗതികളും ഇതില്‍ ആവശ്യമില്ലെന്നും മുത്തലാഖ് കേന്ദ്ര സര്‍ക്കാര്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനായി ഉപയോഗിക്കുന്ന ഒരു ചൂണ്ടയാണെന്നും കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ഏകസിവില്‍കോഡ് വിഷയത്തില്‍ മുസ്‌ലിം സംഘടകള്‍ക്കെല്ലാം ഏക അഭിപ്രായമാണുള്ളതെന്നും ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരേ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമകാര്യ വകുപ്പ് പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം തീരുമാനിച്ചു.
എല്ലാ മത വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമായ ഇന്ത്യയില്‍ ഏകസിവില്‍കോഡ് പ്രായോഗികമല്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇതിനെ അംഗീകരിക്കുകയുമില്ല. വിവാഹം, വിവാഹ മോചനം തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ ഒരു തരം ഭേദഗതിയും ആവശ്യമില്ല. ശരീഅത്ത് പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
ഏകസിവില്‍കോഡ് പ്രായോഗികമല്ലെന്ന ചിന്തഗതിയുള്ള മതേതര പ്രസ്ഥാനങ്ങള്‍, നിയമ വിദഗ്ധര്‍, ബുദ്ധി ജീവികള്‍ തുടങ്ങിയവരുമായി കൂടിയാലോചന നടത്താനും ലോ ബോഡിന്റെ സിഗ്‌നേച്ചര്‍ കാമ്പയിനെ പിന്തുണക്കാനും യോഗം തീരുമാനിച്ചു. വിഷയങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കാനും കേന്ദ്രസര്‍ക്കാരിനോട് മുസ്‌ലിം സംഘടനകളുടെ വിയോജിപ്പ് അറിയിക്കാനും യോഗം തീരുമാനിച്ചു.
ഏക സിവില്‍കോഡ് കേന്ദ്രസര്‍ക്കാറിന്റെ അനവസരത്തിലുള്ള അജണ്ടയാണെന്നും ഇതിനെതിരേ ആരും മിണ്ടരുതെന്ന നിലപാട് ഫാസിസത്തിന്റേതാണെന്നും മതേതര വിശ്വാസികളുടെ പിന്തുണ ഇതിനായി തേടുമെന്നും യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുസ്‌ലിംലീഗ് ദശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വ്യക്തമാക്കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുല്‍വഹാബ് എം.പി, പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, എം മുഹമ്മദ്മദനി (കെ.എന്‍.എം),
ഡോ.ഹുസൈന്‍ മടവൂര്‍, ഡോ.അനസ് കടലുണ്ടി, ഉബൈദുല്ല താനാളൂര്‍ (കെ.എന്‍.എം മടവൂര്‍), സി.പി സലീം (മുജാഹ്ദ് വിസ്ഡം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ നജീബ് മൗലവി, സമദ് മൗലവി മണ്ണാര്‍മല (സമസ്താന ജംഇയ്യത്തുല്‍ ഉലമ), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), എഞ്ചിനീയര്‍ പി മമ്മദ്‌കോയ (എം.എസ്.എസ്), സിറാജ് ഇബ്രാഹീം സേട്, അബ്ദുല്‍ഷുക്കൂര്‍ ഖാസിമി, ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി (മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ്), എം.സി മായിന്‍ഹാജി (കേരള വഖഫ് ബോര്‍ഡ്), മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."