ഡിലന്‍ മൗനം വെടിഞ്ഞു; നൊബേല്‍ സ്വീകരിക്കും
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ജേതാവ് ബോബ് ഡിലന്‍ ഒടുവില്‍ മൗനം വെടിഞ്ഞു. പുരസ്‌കാരം സ്വീകരിക്കാന്‍ സമ്മതമാണെന്ന് അറിയിച്ച അദ്ദേഹം പുരസ്‌കാരം തന്നെ സ്തബ്ധനാക്കിയെന്നും പറഞ്ഞു.
കഴിഞ്ഞ 13 മുതല്‍ നൊബേല്‍ വിവരം ഡിലനെ അറിയിക്കാനാകാതെ കുഴങ്ങുകയായിരുന്നു നൊബേല്‍ പുരസ്‌കാര സമിതിയായ സ്വീഡിഷ് അക്കാദമി. പലതവണ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം അറ്റന്റ് ചെയ്തില്ല. ഒടുവില്‍ ഡിലന്റെ സുഹൃത്തിന് ഇ-മെയില്‍ സന്ദേശം അയച്ചാണ് വിവരം അറിയിച്ചത്.
പുരസ്‌കാരം സ്വീകരിക്കുമോയെന്ന അവ്യക്തതയ്ക്കിടയിലാണ് ഡിലന്റെ ആദ്യ പ്രതികരണം നൊബേല്‍ പുരസ്‌കാര സമിതി പുറത്തുവിട്ടത്. പുരസ്‌കാരം നല്‍കി ആദരിക്കാനുള്ള തീരുമാനത്തോട് ബഹുമാനമാണുള്ളതെന്നായിരുന്നു പ്രതികരണം. അതേസമയം, ഡിസംബറില്‍ സ്റ്റോക്‌ഹോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌കാരദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ലെന്ന് അക്കാദമി അറിയിച്ചു. കഴിയുമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഡിലന്‍ വ്യക്തമാക്കിയതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം ബോബ് ഡിലന് ലാസ്‌വേഗാസില്‍ സംഗീത പരിപാടി ഉണ്ടായിരുന്നെങ്കിലും പുരസ്‌കാരത്തെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. പിന്നീട് ഡിലനെ ആരും കണ്ടതുമില്ല. ഇതാദ്യമായാണ് കവിയേക്കാള്‍ ഗായകനായി അറിയപ്പെടുന്ന വ്യക്തിക്ക് സാഹിത്യ നൊബേല്‍ ലഭിക്കുന്നത്.
11 ഗ്രാമി അവാര്‍ഡുകളും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുള്ള ബോബ് ഡിലന് 2001ല്‍ ഓസ്‌കര്‍ ലഭിച്ചു. ഇതിനു മുന്‍പ് സാഹിത്യത്തില്‍ നൊബേലും ഓസ്‌കറും കിട്ടിയിട്ടുള്ളത് ജോര്‍ജ് ബര്‍ണാഡ് ഷായ്ക്കാണ്.
ബോബ് ഡിലന്റെ പൗരാവകാശത്തെ കുറിച്ചുള്ള ബ്ലോവിങ് ഇന്‍ ദി വിന്‍ഡ് എന്ന കവിത കേരളത്തിലെ പത്താംക്ലാസ് ഇംഗ്ലീഷ് പാഠപുസ്്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."