അഹമ്മദ് കുരിക്കള്‍ നഗര്‍: ചെയര്‍മാനും പാര്‍ട്ടിയും വീണ്ടും നേര്‍ക്കുനേര്‍
ഈരാറ്റുപേട്ട: നഗരസഭ പ്രസംഗ വേദിയായ അഹമ്മദ് കുരിക്കള്‍ നഗറിനെ ചൊല്ലി നഗരസഭാചെയര്‍മാനും പാര്‍ട്ടിയും രണ്ടു തട്ടില്‍. നഗര്‍ ഇന്ന് പൊളിച്ചുമാറ്റുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.എം.റഷീദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സി.പി.എം പ്രതിനിധിയായ ചെയര്‍മാനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി തന്നെ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ പകരം പ്രസംഗ വേദി നിര്‍മ്മിക്കുന്നതുവരെ കുരിക്കള്‍ നഗറിന്റെ ഇപ്പോഴത്തെ അവസ്ഥ തുടരാനാണ് തീരുമാനമെടുത്തത്. ഈ തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും കുരിക്കള്‍ നഗര്‍ പൊളിക്കില്ലെന്നും സി.പി.എംലോക്കല്‍ സെക്രട്ടറി എം.എച്ച്. ഷനീര്‍ വ്യക്തമാക്കി. കുരിക്കള്‍ നഗര്‍ വിഷയത്തില്‍ പാര്‍ട്ടിയും ചെയര്‍മാനും രണ്ടുതട്ടിലാകുന്നത് ഇത് രണ്ടാം തവണയാണ്.
കഴിഞ്ഞ 28ാം തിയതിയിലെ നഗരസഭായോഗം കുരിക്കള്‍ നഗര്‍ പൊളിക്കാന്‍ തീരുമാനിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നഗരസഭ പിന്നോട്ട പോയെന്നും കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കുരിക്കള്‍ നഗര്‍ പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ ബലത്തിലാണ് തിടുക്കത്തില്‍ പ്രസംഗ വേദി ്‌പൊളിച്ചുമാറ്റാന്‍ ചെയര്‍മാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ 28 ന് ചേര്‍ന്ന യോഗത്തില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നി്‌ലെന്നും. മിനുറ്റ്‌സില്‍ പിന്നീട് എഴുതി ചേര്‍ത്തതാണിതെന്നും ഭരണ, പ്രതിപക്ഷ മെമ്പറന്മാര്‍ പറയുന്നു.
നാടിന്റെ സംസ്‌കാരത്തിന്റെ സൂചനയും അരനൂറ്റാണ്ടിലേറെ പഴക്കവുമുള്ള പ്രസംഗമണ്ഡപം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിന്. പാര്‍ട്ടി ലോക്കല്‍കമ്മറ്റി മെമ്പറായ ചെയര്‍മാന്‍ ടി.എം.റഷീദ് പാര്‍ട്ടിയുടെ അഭിപ്രായം ചെവികൊള്ളാതെ അര്‍ദ്ധരാത്രിയില്‍ കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കാനുള്ള ശ്രമം നടത്തിയത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. തുടര്‍ന്ന് തനിക്ക് തെറ്റുപറ്റിയെന്ന് ചെയര്‍മാന്‍ ഖേദം പ്രകടിപ്പിക്കുകയും, കുരിക്കള്‍ നഗര്‍ വിഷയത്തില്‍ പാര്‍ട്ടി അഭിപ്രായം മാനിക്കാത്ത നിലപാട് തുടരില്ലെന്നും വാക്ക് കൊടുത്തിരുന്നു.എന്നാല്‍ ചിലര്‍ കൊടുത്ത പൊതുതാല്‍പര്യ ഹര്‍ജിയുടെ ബലത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കുന്ന ചെയര്‍മാന്റെ നിലപാടില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."