ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് പെരുവഴിയില്‍
കയ്പമംഗലം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ജോലി കാത്തിരിക്കുന്ന ആയിരങ്ങള്‍ സര്‍ക്കാരിന്റെ ഉദാസീന നിലപാടില്‍ ദുരിതത്തില്‍. ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സ് ആണ് ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടായിട്ടും ജോലിയില്ലാതെ കഷ്ടത അനുഭവിക്കുന്നത്.
2010 മുതല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഉദ്യോഗാര്‍ഥികള്‍ ആണ് നിലവില്‍ ഉള്ളത്. 10 മുതല്‍ 20 ശതമാനം മാത്രം ആളുകളെ മാത്രമേ ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളൂ. എന്നാല്‍ വരുന്ന ഡിസംബര്‍, ജനുവരി, മാസത്തോടെ ഇംഗ്ലീഷ്, മലയാളം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളില്‍ ലിസ്റ്റില്‍ ഇടം നേടിയവരുടെ കാലാവധി അവസാനിക്കുകയാണ്. തസ്തിക നിര്‍ണയം ഇഴഞ്ഞു നീങ്ങിയത് മൂലം നിരവധി പേരാണ് സ്വപ്നമായ ജോലിയുടെ പടിവാതിലില്‍ വച്ച് അത് നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.
2014-2015 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടെ പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നിലും പുതിയ നിയമനം നടന്നില്ല. എയ്ഡഡ് വിഭാഗത്തില്‍ നിയമനങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു.
താല്‍കാലിക അധ്യാപകരെ നിയമിച്ചു കൊണ്ടാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ തസ്തിക പോലും നികത്താതെയുള്ള പ്രവര്‍ത്തനം പുതുതായി തുടങ്ങിയ സ്‌കൂളുകളെ അടച്ച്പൂട്ടലിന്റെ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. പ്രിന്‍സിപ്പല്‍ ഇല്ലാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളോ സ്‌കൂള്‍ നിലവാരം ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. പുതിയ സ്‌കൂളില്‍ കൂടുതല്‍ സയന്‍സ് ഗ്രൂപ്പുകളാണ് അനുവദിച്ചത്. എന്നാല്‍ നല്ല ലാബ് സൗകാര്യമോ മറ്റു അടിസ്ഥാന ആവശ്യങ്ങളോ നിര്‍മിച്ചിരുന്നില്ല. ഇത് വിദ്യാര്‍ഥികളെ സ്‌കൂള്‍ മാറ്റത്തിനും പുതിയ അധ്യയന വര്‍ഷം അഡ്മിഷന്‍ ഗണ്യമായി കുറയാനും കാരണമായി.
ഒമ്പത് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. നിരവധി പ്രതിഷേധങ്ങളും പരാതികളും അധികാരികള്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ആവശ്യവുമായി വകുപ്പ് മന്ത്രിയെ കണ്ടപ്പോള്‍ നിങ്ങള്‍ക്ക് ഇനിയും പി.എസ്. സി പരീക്ഷ എഴുതാമല്ലോ എന്ന ബാലിശമായ മറുപടിയാണ് ഉണ്ടായത്. ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റുമായി നിരവധി തവണ പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയം വകുപ്പ് തുടരുകയാണ്. എല്ലാം ശരിയാക്കാന്‍ വന്ന സര്‍ക്കാര്‍ പി.എച്ച്. ഡി യും ഉയര്‍ന്ന യോഗ്യതകളുമുള്ള പാവം ഉദ്യോഗാര്‍ഥികളെയും ശരിയാക്കുകയാണ്. പ്രശ്‌നത്തില്‍ എത്രയും വേഗം നടപടി ഇല്ലായെങ്കില്‍ കുടുംബസമേതം ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് തയാറെടുക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."