കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം ആലപ്പുഴക്ക് പുറമേ കോട്ടയം ജില്ലയിലും പക്ഷിപ്പനിബാധ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്.
അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച താറാവുകളുടെ സാമ്പിളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഈ പഞ്ചായത്തുകളിലെ 2000ത്തോളം താറാവുകള്‍ പക്ഷിപ്പനി രോഗലക്ഷണത്തോടെ ചത്തിരുന്നു.
ഇവിടെനിന്നു ശേഖരിച്ച സാമ്പിളുകള്‍ പോസിറ്റീവാണെന്നു കണ്ടെത്തി.
എച്ച്5എന്‍8 വൈറസാണ് ഇവിടങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ പക്ഷികളില്‍നിന്നു പക്ഷികളിലേക്കു മാത്രമേ പടരൂ എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഭോപ്പാലിലെ ലാബിലാണ് പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കോട്ടയം കളക്ടറേറ്റില്‍ യോഗം വിളിച്ചിട്ടുണ്ട്.
പക്ഷിപ്പനി വ്യാപിച്ചതോടെ കോഴി, താറാവ് കര്‍ഷകര്‍ക്ക് ധാരാളം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ കോഴികളേയും താറാവുകളേയും കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ നഷ്ടം ഇനിയും കൂടും.
താറാവ് ഒന്നിന്ന് 300 രൂപ വെച്ച് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന്
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആവശ്യപെട്ടിരുന്നു.
പക്ഷിപ്പനി വ്യാപകമായതോടെ കുട്ടനാട്ടിലും താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണിരുന്നു. പല ഭാഗങ്ങളിലായി ഏതാണ്ട് പതിനായിരത്തോളം താറാവുകള്‍ ഇതിനകം ചത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."