vവനഭൂമി കൈയേറ്റമൊഴിപ്പിക്കലിന്റെ സമയപരിധി കഴിഞ്ഞു
കല്‍പ്പറ്റ: 1977 ജനുവരി ഒന്നിനുശേഷം നടന്ന മുഴുവന്‍ വനം കൈയേറ്റങ്ങളും ഒരു വര്‍ഷത്തിനകം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വയനാട്ടില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തലവേദനയാകുന്നു. 2015 സെപ്റ്റംബര്‍ നാലിനാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ജില്ലകളിലുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ്, തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ് എന്നിവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളിലായിരുന്നു ഹൈക്കോടതി വിധി. കോഴിക്കോട് സര്‍ക്കിള്‍ പരിധിയിലെ 1384 ഹെക്ടറടക്കം സംസ്ഥാനത്ത് 7289 ഹെക്ടര്‍ വനഭൂമിയില്‍ കൈയേറ്റം നടന്നതായി ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹര്‍ജികള്‍. ഇവ തീര്‍പ്പാക്കിയ ഹൈക്കോടതി, കൈയേറ്റക്കാര്‍ക്ക് നോട്ടിസ് നല്‍കി വ്യവസ്ഥകള്‍ പാലിച്ച് ആറ് മാസത്തിനകം ഒഴിപ്പിക്കല്‍ നടപടി തുടങ്ങണമെന്നും അടുത്ത ആറ് മാസത്തിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ഉത്തരവായത്.
ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈയേങ്ങള്‍ ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ നടപടി ഉണ്ടായില്ല. ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി കെ രാജു സൂചിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍, കൈയേറ്റക്കാരെന്ന് മുദ്രകുത്തി ആദിവാസികളെ കുടിയിറക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്നാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന സി.പി.എം പ്രഖ്യാപിച്ചത്. പിന്നീട് സി.പി.എം പ്രധാനകക്ഷിയായി എല്‍.ഡി.എഫ് ഭരണത്തിലേറിയതോടെ പ്രശ്‌നം എങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാമെന്നാണ് ആലോചന. ഭരണസ്ഥാനത്തിരിക്കുന്നതിനാല്‍ കോടതി ഉത്തരവിനെ വെല്ലുവിളിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തി പേരിനു മാത്രമായി ഒഴിപ്പിക്കല്‍ നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കുടിയിറക്കല്‍ ശക്തമാക്കിയാല്‍ ആത്മാഹൂതി അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കാലങ്ങളില്‍ വിവിധ സര്‍ക്കാരുകള്‍ നടപടികള്‍ തണുപ്പിച്ചിരുന്നത്. തലചായ്ക്കാന്‍ ഇടമില്ലാത്ത വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് വനഭൂമിയില്‍ കയറി താമസിക്കുന്നത്. മറ്റ് വനംകൈയേറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആദിവാസികളുടെ ജീവിത സമരത്തെ കൈകാര്യം ചെയ്യാനും കഴിയില്ല. നിയമത്തിന്റെ കണ്ണില്‍ എല്ലാം കൈയേറ്റമാണെങ്കിലും ആദിവാസികളുടെ വിഷയത്തില്‍ ഒഴിപ്പിക്കല്‍ മനുഷ്യാവകാശ പ്രശ്‌നമായി മാറുമെന്ന് സര്‍ക്കാരിനു ഭയമുണ്ട്. വന്‍കിട മാഫിയകള്‍ നടത്തിയ വനഭൂമി കൈയേറ്റങ്ങളുടെ പട്ടികയിലാണ് വനംവകുപ്പ് ഈ സമരങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അധികൃതര്‍ എത്തുമ്പോള്‍ സ്വാഭാവികമായും വയനാട്ടിലുണ്ടാവുക അടിസ്ഥാന ജനവിഭാഗങ്ങളുടെ ചെറുത്തുനില്‍പാണ്. വനഭൂമിയില്‍ താമസമാരംഭിച്ച കുറേ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമം പ്രകാരം സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്. ഇതും ആദിവാസികളെ വനഭൂമി കൈയേറ്റത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
കൈയേറിയ വനഭൂമി സ്വന്തമാകുമെന്ന് വിശ്വസിച്ച് വാസയോഗ്യമായ കുടിലുകള്‍ നിര്‍മിച്ചും കൃഷിയിറക്കിയും താമസിക്കുന്ന ആദിവാസികള്‍ കുടിയിറക്കിനെതിരേ ജീവന്‍വെടിഞ്ഞും ചെറുത്തു നില്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം വാസയോഗ്യമായ ഭൂമി കിട്ടാനില്ലാത്തതിനാല്‍ വയനാട്ടിലെ ഭൂരഹിത ആദിവാസികള്‍ക്കെല്ലാം ഭൂമി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല.
വില കൊടുത്ത് ഭൂമി വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിട്ടും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. വയനാട്ടിലെ ഭൂസമരക്കാര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുള്ളതിനാല്‍ വനംമാഫിയകള്‍ക്കു നേരെ സ്വീകരിക്കുന്ന നടപടികള്‍ ഇവിടെ സ്വീകരിക്കാന്‍ കഴിയില്ല. മുത്തങ്ങ വെടിവെയ്പിനു ശേഷം പ്രത്യേകിച്ച് ആദിവാസി ഭൂസമരങ്ങളെ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."