റെയില്‍വെ പുതിയ ടൈംടേബിള്‍ പാലക്കാട്-പൊള്ളാച്ചി വണ്ടികള്‍ക്ക് മാറ്റമില്ല
പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റെയില്‍പാതയില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കാതെ ഒക്ടോബറില്‍ പുറത്തു വന്ന പുതിയ റെയില്‍വേ ടൈംടേബിള്‍. പുതിയ തീവണ്ടികളോ സ്‌റ്റോപ്പോ അനുവദിക്കേണ്ടെന്ന റെയില്‍വെയുടെ തീരുമാനമാണ് പൊള്ളാച്ചിപ്പാതയില്‍ പുതുതായി ഒരു തീവണ്ടിയും വരാത്തത്. എന്നാല്‍, മീറ്റര്‍ഗേജ് ആയിരുന്ന കാലത്ത് ഓടിയിരുന്ന തീവണ്ടികള്‍ പുനഃസ്ഥാപിക്കുന്ന കാര്യം പുതിയ ടൈംടേബിളില്‍ വരുമെന്ന പ്രതീക്ഷയാണിപ്പോള്‍.
പാലക്കാട്-പൊള്ളാച്ചി പാത മീറ്റര്‍ഗേജില്‍നിന്ന് ബ്രോഡ്‌ഗേജ് ആക്കുന്ന ജോലികള്‍ക്കൊപ്പം പൊള്ളാച്ചി-കോയമ്പത്തൂര്‍ പാത ഗേജ്മാറ്റവും തുടങ്ങിയിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയായിട്ടില്ല. നേരത്തെ പാലക്കാട്-പൊള്ളാച്ചി പാതയില്‍ ഓടിയിരുന്ന തീവണ്ടികള്‍ കോയമ്പത്തൂരിനെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തിയിരുന്നത്. തീവണ്ടികള്‍ പൂര്‍ണരൂപത്തില്‍ പുനഃസ്ഥാപിക്കുന്നതിന് ഇതും തടസ്സമായി പറയുന്നുണ്ട്. കോയമ്പത്തൂര്‍-പൊള്ളാച്ചി പാതയുടെ പണി അടുത്ത മാര്‍ച്ചോടെയേ പൂര്‍ത്തിയാകൂ. മാത്രമല്ല, തീവണ്ടി ഓടിത്തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. പാലക്കാട് ടൗണ്‍ സ്റ്റേഷനും ജങ്ഷന്‍ സ്റ്റേഷനുമിടയില്‍ സിഗ്നല്‍ നവീകരണജോലികള്‍ പൂര്‍ത്തിയാവാതിരുന്നതിനാല്‍ ടൗണ്‍ സ്റ്റേഷനില്‍നിന്നാണ് പൊള്ളാച്ചി വണ്ടികള്‍ പുനരാരംഭിച്ചത്. പ്രത്യേക തീവണ്ടികളായാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.
സിഗ്നല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും ഈ തീവണ്ടികള്‍ ജങ്ഷന്‍ സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങാന്‍ ഒരു നടപടിയുമായിട്ടില്ല. ജങ്ഷന്‍ സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയാലേ ഈ വണ്ടികളെ സ്ഥിരപ്പെടുത്താനാവൂ. ഡിവിഷന്‍ ആസ്ഥാനത്തുനിന്ന് പൊള്ളാച്ചി റൂട്ടില്‍ പഴനി, മധുര വരെ തീവണ്ടികള്‍ക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ദക്ഷിണ റെയില്‍വെയോ റെയില്‍വെ ബോര്‍ഡോ തീരുമാനമറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."