ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു
ആലുവ:വീട് അറ്റകുറ്റപ്പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത് നഗറില്‍ ഷേയ്ഖ് മൈനുള്‍ (40)നാണ് വെടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആലുവ സിവില്‍ സ്റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ ഡോ.ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയ് (30)നെ പൊലിസ് അറസ്റ്റ് ചെയ്തു.
വീട് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനാണ് ഷേയ്ഖ് മൈനുള്‍. മൂന്ന് ദിവസമായി ഈ വീട്ടില്‍ ജോലി ചെയ്യുന്നു. വീടിന് മുമ്പില്‍ കോണ്‍ക്രീറ്റ് കൂട്ടുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. മലദ്വാരത്തിലേക്കാണ് വെടിയേറ്റത്. പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഷേയ്ഖ് മൈനുള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പാലക്കാട് ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും അവിടെ സൂക്ഷിക്കാന്‍ വാങ്ങിയ എയര്‍ഗണ്‍ കഴിഞ്ഞയാഴ്ച്ച വിജയ് ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ടുവന്നതാണ്. തോക്ക് ലഭിച്ചതിന്റെ അടുത്ത ദിവസം ഇയാള്‍ ബിവറേജസ് ഔട്ടലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു.
ലഹരിക്കടിമയായ ഇയാളെ കഴിഞ്ഞയാഴ്ച്ച പെരുമ്പാവൂരിലെ ഒരു മദ്യവിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ച്ചയോളം ചികിത്സിച്ചിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."