ശരീഅത്ത് സംരക്ഷണ റാലിക്ക് മലപ്പുറം ഒരുങ്ങി
മലപ്പുറം: രാജ്യത്തു ജീവിക്കുന്ന എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന അനുവദിക്കുന്ന അവകാശം സംരക്ഷിക്കുന്നതിനു വിശ്വാസി സമൂഹം തയ്യാറെടുത്തു കഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നാലിനു മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും സജീവമാണ്.
വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിക്കെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ മലപ്പുറം ഒരുങ്ങി. പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. റാലിയുടെ ക്രമീകരണത്തിന് എസ്.കെ.എസ്.എസ്.എഫ് വിഖായ ടീമില്‍ നിന്ന് 313 അംഗങ്ങളെ തെരഞ്ഞെടുത്തു. അസര്‍ നിസ്‌കാരാനന്തരം മലപ്പുറം എം.എസ്.പി പരിസരത്ത് നിന്നു തുടങ്ങുന്ന റാലിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.
അഞ്ചിനു സുന്നിമഹല്‍ ജങ്ഷനിലെ ശംസുല്‍ ഉലമാ നഗരിയില്‍ സമാപിക്കും. റാലിയുടെ പ്രചാരണാര്‍ഥം മഹല്ലുതലങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി ഉദ്‌ബോധനം നടന്നു. മൂന്നിനു വ്യാഴാഴ്ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശരീഅത്ത് സംരക്ഷണ പ്രയാണം നടക്കും. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ഹാജി.യു മുഹമ്മദ് ശാഫി, കാടാമ്പുഴ മൂസഹാജി, സലീം എടക്കര, ഖാദര്‍ഫൈസി കുന്നുംപുറം, ഷാഹുല്‍ഹമീദ് മേല്‍മുറി, പി.കെ ലത്വീഫ് ഫൈസി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം ചര്‍ച്ചയില്‍ പങ്കെടുത്തു.
മഗ്‌രിബ് നിസ്‌കാരം
നഗരിയില്‍
ശരീഅത്ത് സംരക്ഷണ റാലിക്കെത്തുന്നവര്‍ക്കു മഗ്‌രിബ് നിസ്‌കാരിക്കുവാന്‍ ശംസുല്‍ഉലമാ നഗരിയില്‍ സൗകര്യമൊരുക്കും. റാലിക്കെത്തുന്നവര്‍ നിസ്‌കാരത്തിനുള്ള മുസ്വല്ല കയ്യില്‍ കരുതണമെന്നു നേതാക്കള്‍ അറിയിച്ചു. അംഗശുദ്ധിക്കുള്ള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ മലപ്പുറം നഗരത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പു തന്നെ അംഗശുദ്ധി വരുത്താന്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."