മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ അബ്ദുള്ള മാസ്റ്റര്‍ നിര്യാതനായി
പട്ടാമ്പി: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി.കെ അബ്ദുള്ള മാസ്റ്റര്‍ (61) നിര്യാതനായി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും മൈനോറിറ്റി പ്രൊഫഷണല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുമാണ്.
ഇന്ന് വൈകീട്ട് നാലോടെ പട്ടാമ്പിയിലെ വസതിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. ഖബറടക്കം നാളെ രാവിലെ 11ന് പട്ടാമ്പി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ മത സാമൂഹിക രംഗത്ത് നിറസാന്നിധ്യമാണ്. കാല്‍നൂറ്റാണ്ട് കാലമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കണയം എല്‍പി സ്‌കൂളില്‍നിന്നും അധ്യാപകനായിരിക്കെ സ്വയംവിമരിച്ചതാണ്. ഭാര്യ: കെ.എം. ബീഗം സാബിറ ടീച്ചര്‍ (വനിതാലീഗ് പട്ടാമ്പി നിയോജകമണ്ഡലം പ്രസിഡണ്ട്).
മക്കള്‍: ഡോ. മന്‍സൂര്‍ (പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ്), മുജീര്‍ (റിയാദ്), മാജിദ. മരുമക്കള്‍: ഡോ. സഫീന (പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ്), ജൗഹറ, ശിഹാബ് (ഏറനാട് നോളജ് സിറ്റി പി.ആര്‍.ഒ).ചെമ്പുലങ്ങാട് പരേതനായ ചേരുംകുഴി അലവിയുടെ മകനാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: പരേതനായ ഉണ്ണിഹാജി, മൊയ്തീന്‍കുട്ടി, കുഞ്ഞിമുഹമ്മദ് എന്നിവരും അബൂബക്കര്‍, ഹംസ, ആയിഷ, ഫാത്തിമ, ഖദീജ. ഷൊര്‍ണൂര്‍ കുളപ്പുള്ളി അല്‍അമീന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, മഞ്ചേരി ഏറനാട് നോളജ് സിറ്റി ജനറല്‍സെക്രട്ടറി, കുളപ്പുള്ളി അല്‍അമീന്‍ എഞ്ചിനീയറിംഗ് കോളജ് ജനറല്‍സെക്രട്ടറി, ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജനറല്‍സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ വൈസ്പ്രസിഡണ്ട്, പട്ടാമ്പി നിയോജകമണ്ഡലം പ്രസിഡണ്ട്, ജനറല്‍സെക്രട്ടറി, മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി, പട്ടാമ്പി നിയോജകമണ്ഡലം പ്രസിഡണ്ട്, ജനറല്‍സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷത്തോളം ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമായ ഇദ്ദേഹം ദീര്‍ഘകാലം വൈസ്പ്രസിഡണ്ടായിരുന്നിട്ടുണ്ട്. പ്രസിഡണ്ട് ഇന്‍ചാര്‍ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 15വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.യു കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ടായും ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."