ഭക്ഷ്യധാന്യ വിതരണം; ക്രമക്കേടുകള്‍ തടയാന്‍ സോഫ്ട്‌വെയര്‍ അധിഷ്ഠിത നിരീക്ഷണ സംവിധാനം
തിരുവനന്തപുരം: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകളിലെയും മൊത്തവിതരണ കേന്ദ്രങ്ങളിലെയും ക്രമക്കേടുകള്‍ തടയാകാനുമെന്ന് മന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ഗോഡൗണ്‍ മുതല്‍ റേഷന്‍കടകള്‍വരെ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ഉണ്ടാകുന്ന ചോര്‍ച്ച തടയാന്‍ പ്രത്യേക സോഫ്ട്‌വെയര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ തയാറാക്കിയിട്ടുണ്ട്. ഈ മാസം മുതല്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് കൊല്ലം ജില്ലയിലും അടുത്തവര്‍ഷം ഏപ്രില്‍ ഒന്നോടെ സംസ്ഥാനത്തുടനീളവും നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന കമ്മീഷന്‍ നഷ്ടം പരിഹരിക്കുന്നതിനു കൂടുതല്‍ ഉല്‍പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കാന്‍ നടപടി സ്വീകരിക്കും.
ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം സംസ്ഥാനത്തിനു 16.25 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളാണ് ആവശ്യമുള്ളത്. എന്നാല്‍ 14.25 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ആവശ്യമായ അരി ലഭ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു കീഴില്‍ മാവേലി ഹോട്ടലുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. കുടുംബശ്രീയോ ഏതെങ്കിലും സന്നദ്ധ സംഘടനകളോ മാവേലി ഹോട്ടലുകള്‍ ആരംഭിക്കാന്‍ തയാറായാല്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കാര്യം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആലോചിക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വില ഏകീകരണത്തിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടല്‍ ഉടമകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
തീര്‍ഥാടകരില്‍നിന്നും ഹോട്ടലുകള്‍ അമിതവില ഈടാക്കുന്നുവെന്ന പരാതി മുന്‍നിര്‍ത്തിയാണിത്. സംസ്ഥാനത്ത് മുഴുവന്‍ ഹോട്ടലുകളിലും വില ഏകീകരണം പ്രായോഗികമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹോട്ടല്‍ വില നിയന്ത്രണ ബില്‍ കൊണ്ടുവന്നിരുന്നെങ്കിലും നടപ്പായില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."