ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്ബിഷപ്
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച്ബിഷപ്പായി ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്്് പുതിയ നിയമനം. അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണു ഡോ. കളത്തിപ്പറമ്പില്‍. ഇന്നലെ വൈകുന്നേരം വരാപ്പുഴ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലാണു നിയമനം സംബന്ധിച്ച വത്തിക്കാന്റെ ഉത്തരവ് അറിയിച്ചത്. ഇപ്പോള്‍ റോമിലുള്ള നിയുക്ത മെത്രാപ്പോലീത്ത നാട്ടിലെത്തിയശേഷം ഡിസംബറില്‍ സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നു ഡോ. കല്ലറയ്ക്കല്‍ അറിയിച്ചു. വരാപ്പുഴ അതിരൂപതയിലെ വടുതല ഇടവകാംഗമായ ഡോ. ജോസഫ്്് കളത്തിപ്പറമ്പില്‍, കോഴിക്കോട് രൂപതയുടെ മുന്‍ മെത്രാനും റോമില്‍ അഭയാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന്റെ സെക്രട്ടറിയുമാണ്. 1978 മാര്‍ച്ച് 13നു പൗരോഹിത്യം സ്വീകരിച്ച നിയുക്ത മെത്രാപ്പോലീത്ത, കാനന്‍ നിയമത്തില്‍ റോമിലെ സെന്റ് പോള്‍സ് കോളജില്‍ നിന്നു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ സഹവികാരി, റോമിലെ സെന്റ് പോള്‍സ് കോളജ് വൈസ് റെക്ടര്‍, കളമശേരി സെന്റ് പോള്‍സ് കോളജ് മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്തു. 2011 ഫെബ്രുവരി 22 മുതല്‍ പൊന്തിഫിക്കല്‍ കമ്മിഷന്റെ സെക്രട്ടറിയാണ്. നേരത്തെ വരാപ്പുഴ അതിരൂപതാ ചാന്‍സലറായും വികാരി ജനറലായും സേവനം ചെയ്തിട്ടുണ്ട്. പുതിയ മെത്രാപ്പോലീത്ത ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതുവരെ വരാപ്പുഴ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ തുടരും. വടുതല സെന്റ് ആന്റണീസ് ഇടവകയില്‍ പരേതനായ അവറാച്ചന്റെയും ത്രേസ്യയുടെയും രണ്ടാമത്തെ മകനാണ് ഡോ. കളത്തിപ്പറമ്പില്‍. മേരി, ട്രീസ, ജോര്‍ജ്, ജൂഡ് ആന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."