ശരീഅത്ത് സംരക്ഷണ റാലി: നാടുണര്‍ത്തി പ്രചാരണം
മലപ്പുറം: നവംബര്‍ നാലിനു മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണ പരിപാടികളില്‍ നാടും നഗരവുമുണര്‍ന്നു. ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സജീവമായി.
മേഖലാതലങ്ങളില്‍ ശരീഅത്ത് സമ്മേളനങ്ങള്‍, മേഖലാ, പഞ്ചായത്ത്, റെയ്ഞ്ചുതലങ്ങളില്‍ വിളംബര റാലികള്‍, പൊതുയോഗങ്ങള്‍, ക്ലസ്റ്റര്‍, യൂനിറ്റുതലങ്ങളില്‍ പ്രചാരണ സംഗമങ്ങള്‍, മഹല്ലുതല ബോധവല്‍ക്കരണം എന്നിവയാണ് നടന്നുവരുന്നത്. കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പതിനാറ് മണ്ഡലംതലങ്ങളില്‍ വ്യാഴാഴ്ച ശരീഅത്ത് സംരക്ഷണ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ വിവിധ പോഷക ഘടകങ്ങളുടെ നേതൃത്വത്തിലും പ്രചരണ ജാഥകളും സംഗമങ്ങളും നടന്നുവരുന്നു.
കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിലായി ജില്ലയിലെ മസ്ജിദുകളില്‍ ജുമുഅ ദിനത്തില്‍ ഖത്വീബുമാരുടെ നേതൃത്വത്തില്‍ ഉല്‍ബോധനം നടന്നു. ശരീഅത്ത് സംരക്ഷണ റാലിയില്‍ ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ നാലു ഏരിയയായി ക്രമീകരിച്ചാണ് പ്രത്യേക ബാനറിനു കീഴില്‍ അണിനിരക്കുക. മഹല്ലുതലങ്ങളില്‍നിന്നു പ്രത്യേക വാഹനങ്ങള്‍ ബുക്കിങ് പൂര്‍ത്തിയായി വരുന്നു.
നാലിനു വൈകിട്ട് നാലോടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ എം.എസ്.പി പരിസത്തെത്താനാണ് നിര്‍ദേശം. ആമില, വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. മലയോര മേഖലയിലും തീരദേശ ഭാഗങ്ങളിലുമുള്‍പ്പടെ വിദൂര ഭാഗങ്ങളില്‍നിന്നും ജുമുഅ നിസ്‌കാരശേഷം പള്ളികളില്‍നിന്നും വാഹനങ്ങള്‍ പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."