ടിപ്പര്‍ലോറികള്‍ റോഡ് തകര്‍ത്തു: നാട്ടുകാര്‍ ഉപരോധസമരം നടത്തി
പാനൂര്‍: കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ചെറുപറമ്പ്-പാത്തിക്കല്‍ റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. നരിക്കോട്ട് മലയിലെ ക്വാറികളില്‍ നിന്നു ചെങ്കല്ലും കരിങ്കല്ലും കയറ്റി വരുന്ന ഭാരവാഹനങ്ങള്‍ റോഡിന്റെ തകര്‍ച്ചക്കു കാരണമാകുന്ന സാഹചര്യത്തിലാണ് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒന്നടങ്കം ചേര്‍ന്ന് റോഡ് ഉപരോധിച്ചത്.
അറുപതോളം ക്വാറികള്‍ ലൈസന്‍സോടെയും അല്ലാതെയും ഈ ഭാഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. പത്തു ടണ്‍ ശേഷിയുള്ള ലോറികളില്‍ ഇരുപതും മുപ്പതും ടണ്‍ ലോഡ് കയറ്റി ചീറി പായുന്ന ലോറികള്‍ ജീവനു തന്നെ ഭീഷണിയായ സാഹചര്യത്തിലാണു പ്രത്യക്ഷ സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നു കരിങ്കല്ല് തെറിച്ചു വീണെങ്കിലും വഴിയാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലിസ് സ്ഥലത്തെത്തി.
പൊലിസിന്റെ സാന്നിധ്യത്തില്‍ ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തി ഭാരവാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനം കൈകൊള്ളാമെന്ന ഉറപ്പിലാണു നാട്ടുകാര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്. വി.പി സജീവന്‍, എ ആദര്‍ശ് തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."