മാവോയിസ്റ്റ് തിരിച്ചടി; തമിഴ്നാട്ടില്‍ പൊലിസ് സുരക്ഷ ശക്തമാക്കി
നീലഗിരി: ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ പൊലിസ് റെയ്ഡ് നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ പൊലിസ് സുരക്ഷ ശക്തമാക്കി.
മാവോയിസ്റ്റുകള്‍ സജീവ സാന്നിധ്യമറിയിച്ച നീലഗിരി മേഖലകളിലാണ് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഏതാനും പേരുടെ ചിത്രങ്ങള്‍ കേരള, കര്‍ണാടക അതിര്‍ത്തികളില്‍ തമിഴ്നാട് പൊലിസ് പതിച്ചിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ അറിയിക്കണമെന്ന മുന്നറിയിപ്പും പൊലിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 32 മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളാണ് അതിര്‍ത്തികളില്‍ പതിച്ചിട്ടുള്ളത്. ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെന്ന് നീലഗിരി പൊലിസ് സൂപ്രണ്ട് മുരളി രംഭ അറിയിച്ചു.
അതിനിടയില്‍ പൊലിസ് പതിച്ച മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതും പൊലിസ് ഗൗരവത്തോടെയാണ് കാണുന്നത്.
ജനങ്ങള്‍ കാണാതിരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ എത്തിയാണ് ഇവയെല്ലാം നശിപ്പിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."