ഗതാഗതത്തിനൊരുങ്ങി പന്നിയങ്കര മേല്‍പ്പാലം
കോഴിക്കോട്: പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പന്നിയങ്കര മേല്‍പ്പാലം ഗതാഗതത്തിനു സജ്ജമായി. മേല്‍പ്പാലത്തിലൂടെ രണ്ടുദിവസത്തിനുള്ളില്‍ വാഹനങ്ങള്‍ കടത്തിവിടുമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറഞ്ഞു.
മീഞ്ചന്ത ഭാഗത്തു നിന്നു കല്ലായി ഭാഗത്തേക്കു വരുന്ന വാഹനങ്ങളാണ് മേല്‍പ്പാലത്തിലൂടെ കടത്തിവിടുക. പടിഞ്ഞാറു ഭാഗത്തെ സര്‍വിസ് റോഡുകളുടെ നിര്‍മാണവും അടുത്ത ദിവസം ആരംഭിക്കും. ജനുവരി ആദ്യവാരത്തോടെ പാലം ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഡി.എം.ആര്‍.സി അധികൃതര്‍.
ഇന്നലെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പന്നിയങ്കര മേല്‍പ്പാലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഡി.എം.ആര്‍.സി ചീഫ് എന്‍ജിനിയര്‍ കെ. ഗോപാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യു. വേണുഗോപാല്‍, എം.കെ മുനീര്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ. നിര്‍മ്മല, പി. അജിത, എന്‍.സി അബൂബക്കര്‍, കെ. മൊയ്തീന്‍കോയ, സി.ടി സക്കീര്‍ ഹുസൈന്‍, കെ.പി അബ്ദുല്ലക്കോയ, പി.വി അവറാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കല്ലായി റോഡില്‍ 500 മീറ്ററും റെയില്‍പാതയ്ക്ക് കുറുകെ പയ്യാനക്കല്‍ ഭാഗത്ത് 300 മീറ്ററിലുമാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മിച്ചത്. ടി ആകൃതിയിലുള്ള പാലം ആദ്യഘട്ടത്തില്‍ മോണോ റെയിലിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയും ചെയ്തു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് മേല്‍പ്പാലം. റെയില്‍വേ ഗേറ്റ് നിരന്തരം അടച്ചിട്ടിരുന്നതിനാല്‍ ദേശീയപാതയില്‍ നിന്ന് അയ്യങ്കാര്‍ റോഡിലേക്കും തിരിച്ചും പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്കുണ്ടായിരുന്ന പ്രയാസങ്ങളും ഇതോടെ പരിഹരിക്കപ്പെടും.
മേല്‍പ്പാലം ഉപയോഗക്ഷമമാകുന്നതോടെ അയ്യങ്കാര്‍ റോഡിലേക്കുള്ള കാല്‍നട സൗകര്യം തടയരുതെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇരുപതിനായിരത്തോളം ഉപഭോക്താക്കളുള്ള കെ.എസ്.ഇ.ബി കല്ലായി സെക്ഷന്‍ ഓഫിസിലേക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നിത്യേന വരുന്നവരില്‍ എണ്‍പതു ശതമാനം പേരും പ്രായം ചെന്നവരാണ്. റോഡ് അടച്ചിട്ടുകൊണ്ട് ഏണിപ്പടികളോടെ മറ്റു ബദല്‍ സംവിധാനമുണ്ടാക്കിയാലും വയോജനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പ്രയോജനപ്പെടുകയില്ലെന്നും അതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."