ഒരേറാങ്കിന് ഒരേപെന്‍ഷന്‍: ജീവനൊടുക്കിയ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു
ന്യൂഡല്‍ഹി: ഒരേറാങ്കിന് ഒരേപെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനൊടുക്കിയ വിരമിച്ച സൈനികന്‍ രാംകിഷന്‍ ഗ്രെവാളിന്റെ മൃതദേഹം സംസ്‌കരിച്ചു. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട നേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
ഗ്രെവാളിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുകോടി രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു.
ഒരേറാങ്കിന് ഒരുപെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജന്തര്‍മന്ദിറിലെ ജവഹര്‍ ഭവന്‍ മൈതാനിയില്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരുവര്‍ഷത്തിലേറെയായി ജന്തര്‍മന്ദിറില്‍ വിരമിച്ച സൈനികര്‍ കുടില്‍കെട്ടി ധര്‍ണ നടത്തിവരികയാണ്.
ഹരിയാന ഭിവാനി ജില്ലയിലെ ബുംല സ്വദേശിയായ രാംകിഷന്‍ സൈന്യത്തില്‍ നിന്ന് സുബേദാര്‍ ആയി വിരമിച്ചയാളാണ്. പ്രതിഷേധക്കാര്‍ക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് രാം കിഷന്‍ വിഷംകഴിച്ചത്.
നിവേദനം സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ചയും പ്രതിരോധമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് രാംകിഷന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
സൈനികന്റെ ബന്ധുക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാംകിഷന്റെ മകന്‍ ജസ്വന്ത് ഗ്രെവാള്‍ എന്നിവരെ പൊലിസ് തടഞ്ഞത് വിവാദമായിരുന്നു.
മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവകവയ്ക്കാതിരുന്ന രാഹുലിനെ ഗേറ്റിനു മുന്നില്‍ പൊലിസ് തടയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ സമീപത്തെ പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. രാഹുലിനെ പൊലിസ് തടഞ്ഞുവച്ച വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതോടെ അദ്ദേഹത്തെ മന്ദിര്‍മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് രാഹുലിനെ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."