പത്തു വര്‍ഷത്തിനിടെ സൈന്യം വെടിവച്ചുകൊന്നത് 1,654 പേരെ
ന്യൂഡല്‍ഹി: 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ പൊലിസും സൈന്യവും വെടിവച്ചുകൊന്നത് 1,654 പേരെ. ഇന്ത്യയില്‍ ഓരോ രണ്ടു ദിവസവും ഒരാള്‍ എന്ന തോതില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
അതിര്‍ത്തികളില്‍ സായുധസേനയും അര്‍ധസൈന്യവും നടത്തുന്ന ഏറ്റുമുട്ടലില്‍ മരിച്ചവരുടെ കണക്ക് ഇതിനുപുറമെയാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും പാര്‍ലമെന്റിലെയും രേഖകളിലാണ് ഈ കണക്കുള്ളത്.
2014 മുതലുള്ള ഔദ്യോഗിക കണക്ക് ലഭ്യമല്ല. അതേസമയം, അടുത്തിടെ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി പറയവെ, 2014 ഏപ്രിലിനും ജൂണിനും ഇടയിലുള്ള മൂന്നുമാസത്തിനിടെ എട്ടുപേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനൊപ്പം വന്‍തോതില്‍ കസ്റ്റഡിമരണങ്ങള്‍ നടന്നതായും രേഖകളിലുണ്ട്. 2013- 14 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 470 പേരാണ് പൊലിസ് കസ്റ്റഡിയില്‍ കഴിയവെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം രാജ്യത്താകെ 55,000 കേസുകളാണ് പൊലിസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകശ്മിരിലും നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ പലതും ഔദ്യോഗിക രേഖകളിലില്ല. ഈ മേഖലയിലെ വിവിധ കേസുകള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഓഗസ്റ്റില്‍ കേസ് പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ സൈന്യവും പൊലിസും പങ്കാളികളായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. മണിപ്പൂരില്‍ 2000- 2012 കാലയളവില്‍ കൊല്ലപ്പെട്ട 1,528 പേരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജികളാണ് കോടതി മുന്‍പാകെയുള്ളത്. ഇതിനു പുറമെ, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003- 2006 കാലയളവിലുണ്ടായ 24 വ്യാജ ഏറ്റുമുട്ടല്‍ കേസും സുപ്രിംകോടതിയിലുണ്ട്. ഈ കേസ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."