കൊലക്കേസ്പ്രതിയെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
വിഴിഞ്ഞം: പൂവാറില്‍ കൊലക്കേസ് പ്രതിയായ യുവാവിനെയും പിതാവിനെയും കാറിടിച്ച് തള്ളിയിട്ട് അടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമം.
ഗുരുതരമായി പരുക്കേറ്റ പിതാവിനെയും മകനെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാര്‍ കൊടിവിളാകം വീട്ടില്‍ ഷാഹുല്‍ ഹമീദ് (50), മകന്‍ ഇമാംബാദുഷ (19) എന്നിവര്‍ക്ക് നേരെ ഇന്നലെ രാവിലെ ഏഴുമണിയോടെ പൂവാര്‍ ജങ്ഷന് സമീപത്തുവച്ചായിരുന്നു ആക്രമണം. ബൈക്കില്‍ പൂവാറിലേക്ക് വരുകയായിരുന്ന ഷാഹുല്‍ ഹമീദിനെയും മകനെയും നമ്പര്‍ പ്‌ളേറ്റ് മറച്ച ഒരു കാര്‍ ഇടിച്ച് വീഴ്ത്തിയായിരുന്നു ആക്രമണം. റോഡുവക്കില്‍ വീണ ഇരുവരെയും കാറിലെത്തിയ അഞ്ചംഗ സംഘം കമ്പിപ്പാര കൊണ്ട് കൈയും കാലും അടിച്ച് ഒടിച്ചും കത്തി ഉപയോഗിച്ച് വെട്ടിയും മാരകമായി മുറിവേല്‍പ്പിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നെങ്കിലും ചിലരെ പരുക്കേറ്റ ഷാഹുല്‍ ഹമീദും ഇമാം ബാദുഷയും തിരിച്ചറിഞ്ഞു. അക്രമം കണ്ട് നാട്ടുകാര്‍ എത്തുന്നത് കണ്ട അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ് റോഡുവക്കില്‍ കിടന്ന പിതാവിനെയും മകനെയും പൂവാര്‍ സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ.ശ്രീകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലിസ് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് പൂവാര്‍ നടന്ന സംഘര്‍ഷത്തില്‍ കൊടിനട സ്വദേശി ഷമീര്‍ (17)എന്ന യുവാവ് ഇമാം ബാദുഷയും സഹോദരനും ഉള്‍പ്പെട്ട സംഘത്തിന്റെ അടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായിരുന്നു ബാദുഷ. കഴിഞ്ഞ ജനുവരി 19ന് നടന്ന ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് ഷമീര്‍ എന്ന യുവാവിന്റെ കൊലപാതകത്തില്‍കലാശിച്ചത് .ഇതിന് പകരം വീട്ടാന്‍ കാത്തിരുന്ന ഷമീറിന്റെ സഹോദരന്‍ ഷംനാദും കൂട്ടാളികളുമാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന് പൂവാര്‍ സി.ഐ.റിയാസ് പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാകണം ബൈക്കിനെ പിന്‍തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമണം നടത്തിയതെന്നും പൊലിസ് കരുതുന്നു. തമിഴ്‌നാട് അതിര്‍ത്തിയായ ഊരമ്പിന് സമീപത്തെ ഒരാളുടെ കാറാണ് അക്രമികള്‍ ഉപയോഗിച്ചത്. നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നെങ്കിലും നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞ പൊലിസ് കാര്‍ കസ്റ്റഡിയിലെടുത്തതയാണ് സൂചന.
സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയതായി അന്വേഷണം ഏറ്റെടുത്ത പൂവാര്‍സി.ഐ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."